ഇവാന്‍കയുടെ സന്ദര്‍ശനം: കനത്ത സുരക്ഷയൊരുക്കി ഹൈദരാബാദ് പൊലീസ്

ഇവാന്‍ക ട്രംപ്

ഹൈദരാബാദ്: ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയൊരുക്കി ഹൈദരാബാദ് പൊലീസ്. ആഗോള സംരഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ഹൈദരാബാദിലെത്തുന്നത്.

ഹൈദരാബാദ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചുനടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇവാന്‍കയ്ക്കും പുറമെ 150 രാജ്യങ്ങളില്‍ നിന്നായി 1,500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൊലീസ് കനത്ത സുരക്ഷയൊരുക്കുന്നത്. നവംബര്‍ 28 മുതല്‍ 30 വരെയാണ് ഉച്ചകോടി.

ഹൈദരാബാദ് പൊലീസിനോടൊപ്പം യുഎസ് രഹസ്യവിഭാഗം, ഇന്റലിജന്‍സ് സുരക്ഷാസേന, സിറ്റി പൊലീസ് എന്നിവരും സുരക്ഷയൊരുക്കുന്നതില്‍ പങ്കാളികളാകുമെന്ന് പൊലീസ് കമ്മീഷണര്‍ വിവി ശ്രീനിവാസ റാവു പറഞ്ഞു. പ്രധാനമന്ത്രി, ഇവാന്‍ക, മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ എന്നിവരുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 28-ാം തീയതി മെട്രോ റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷമായിരിക്കും ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുക.

ആദ്യഘട്ടമായി പൊലീസിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പെട്രോളിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവാന്‍കയും മോദിയും പങ്കെടുക്കുന്ന പൊതുചടങ്ങില്‍ 2,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ സിറ്റി പൊലീസിന്റെയും സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ റോഡരികില്‍ ഭിക്ഷാടനം നിരോധിച്ചുകൊണ്ട് പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു.

DONT MISS
Top