കാസര്‍ഗോഡ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി; ഭീതിയോടെ ജനങ്ങള്‍

കാസര്‍ഗോഡ്; കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയത് ജനങ്ങളെ ഭീതിയിലാക്കി. കുണ്ടോച്ചി, നെയ്യംകയം, മൂടയംവീട്, കൊട്ടംകുഴി, ഒളിയത്തടുക്കം എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ സൈ്വര്യജീവിതം തകര്‍ക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നാട്ടിലിറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷിനശിപ്പിച്ചുകൊണ്ടിരിക്കുന്നു. മൂടയം വീട്ടിലെ വി നാരായണന്റെ ഒരു തെങ്ങും അഞ്ച് റബ്ബര്‍മരങ്ങളും ആനകള്‍ നാമാവശേഷമാക്കി.

ഒളിയത്തടുക്കം സുധാകരന്റെ തോട്ടത്തിലെത്തിയ കാട്ടാനകള്‍ റബ്ബര്‍, കവുങ്ങ്, തെങ്ങ് എന്നിവ നശിപ്പിച്ചു. 50 കുലച്ച വാഴകളും നശിപ്പിച്ചിട്ടുണ്ട്. ഏഴ് ആനയും ഒരു കുട്ടിയാനയുമാണുണ്ടായിരുന്നത്. തൊട്ടടുത്ത രവിയുടെയും കരുണാകരന്റെയും കവുങ്ങുകളും നശിപ്പിച്ചു.
മുളിയാര്‍ വനമേഖലയില്‍ നിന്നുമാണ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത്. കഴിഞ്ഞ ദിവസം കാട്ടാനകളുടെ സാന്നിധ്യം അറിഞ്ഞ നാട്ടുകാര്‍ അര്‍ധരാത്രിവരെ സംഘടിച്ച് വനപാലകര്‍ക്കൊപ്പം ആനകളെ തുരത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആളുകള്‍ മടങ്ങിപോയതോടെ ആനകള്‍ തിരിച്ചുവരികയായിരുന്നു.

DONT MISS
Top