കാസര്‍ഗോഡ് റൂണിയാണ് താരം; അന്വേഷണ ഉദ്യോഗസ്ഥരുടെ വഴികാട്ടിയും

കാസര്‍ഗോഡ്; ഇത് റൂണി. രണ്ടര വയസുകാരിയായ റൂണി ജന്മം കൊണ്ട് ഊട്ടിക്കാരിയാണെങ്കിലും കര്‍മ്മം കൊണ്ട് കാസര്‍കോട്ടുകാരി. ജില്ലാ പൊലീസ് ചീഫിന്റെ കീഴിലുള്ള ഡോഗ് സ്‌ക്വാഡിലെ അംഗമായ ഇവളിന്നു സേനയുടെ അഭിമാനവും അരുമയുമാണ്. കാസര്‍കോട്ടെത്തി ഒന്നര വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ കൊലക്കേസുകള്‍ക്കാണ് ഈ സുന്ദരി തുമ്പുണ്ടാക്കിയത്.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ വിദഗ്ദ്ധ പരിശീലനം കഴിഞ്ഞാണ് റൂണി കാസര്‍കോട്ടെത്തിയത്. കണ്ടാല്‍ ആരെയും വശീകരിക്കുന്ന സൗന്ദര്യത്തിനു ഉടമയായ ഇവള്‍ ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ടതാണ്.ചിറ്റാരിക്കാല്‍, കമ്പല്ലൂരില്‍ ഒരു യുവാവിനെ കൊലപ്പെടുത്തിയ ആളെ കൃത്യമായി കണ്ടെത്തിയതോടെയാണ് അന്വേഷണ രംഗത്തെ ഇവളുടെ പടയോട്ടം തുടങ്ങിയത്. ഒരിക്കലും കൊലയാളിയെ കണ്ടെത്താന്‍ കഴിയില്ലെന്നു കണക്കു കൂട്ടിയ പൊലീസിനെപോലും അമ്പരപ്പിച്ചു കൊണ്ടാണ് കൊലയാളിയെ അന്ന് റൂണി കൃത്യമായി തിരിച്ചറിഞ്ഞത്.

ഇക്കഴിഞ്ഞ തിരുവോണ ദിവസം ചെങ്കള, ചേരൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പിഞ്ചു കുഞ്ഞിന്റെ തിരോധാന കേസിനു തുമ്പുണ്ടാക്കിയതും റൂണിയുടെ മിടുക്കു തന്നെ. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പലതരത്തിലുമുള്ള പ്രചരണങ്ങള്‍ പൊലീസിനെ ആശയ കുഴപ്പത്തിലാക്കിയപ്പോഴാണ് റൂണിയുടെ സേവനം പ്രയോജനപ്പെടുത്തിയത്. കാണാതാവുമ്പോള്‍ കുട്ടി കളിച്ചു കൊണ്ടിരുന്ന വീട്ടുമുറ്റത്തു നിന്നു മണം പിടിച്ചു റൂണി നേരെ ഓടിയത് പുഴക്കരയിലേക്കായിരുന്നു. അതോടെ തെരച്ചില്‍ പുഴ കേന്ദ്രീകരിച്ചായി. ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം പുഴയില്‍ നിന്നു കണ്ടെത്തുകയും ചെയ്തു.

ഏറ്റവും ഒടുവില്‍ റൂണി തന്റെ മിടുക്ക് തെളിയിച്ചത് കഴിഞ്ഞ ദിവസം അമ്പലത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരിയ, പൊടവടുക്കത്തെ ലീല കൊലക്കേസിലാണ്. ഹൃദയാഘാതമെന്നു കരുതി എഴുതി തള്ളാന്‍ സാധ്യത ഉണ്ടായിരുന്ന കേസിനു നാടകീയമായാണ് വഴിത്തിരിവുണ്ടായത്. കൊലപാതകമാണെന്നു സ്ഥിരീകരിച്ചതോടെ കൊലയാളികളെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണത്തിനു സഹായകമായത് റൂണിയുടെ മിടുക്കായിരുന്നു.

ലീലയുടെ വീട്ടില്‍ ജോലിക്കെത്തിയ നാലു മറുനാടന്‍ തൊഴിലാളികളെ വരിയായി നിര്‍ത്തി. കുറ്റിക്കാട്ടില്‍ നിന്നു ലഭിച്ച ലീലയുടെ സ്വര്‍ണ്ണമാലയില്‍ മണം പിടിച്ച റൂണി, ഒട്ടും സംശയിച്ചില്ല. നേരെ ഓടി പോയത് ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശിയായ അപുല്‍ ഷേഖിന്റെ അരികിലേയ്ക്ക്. പിന്നെ മറ്റൊന്നും ആലോചിക്കാതെ റൂണി, കൊലയാളിയുടെ വസ്ത്രത്തില്‍ കടിച്ചു പിടിച്ചു.സ്ഥലത്തുണ്ടായിരുന്ന അന്വേഷണ സംഘത്തെപോലും വിസ്മയിപ്പിച്ച നിമിഷങ്ങളായിരുന്നു അത്. കൊലയാളിയെ കണ്ടെത്താന്‍ റൂണിക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍, നാലു പേരില്‍ ആരാണ് യഥാര്‍ത്ഥ കൊലയാളിയെന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിനു ഏറെ വിയര്‍ക്കേണ്ടിവരുമായിരുന്നു.

പ്രിജേഷ്, ടിനോ എന്നീ പൊലീസുകാരാണ് റൂണിയെ ഇരിയയില്‍ എത്തിച്ചത്. പ്രിജേഷിനും രഞ്ജിത്തിനുമാണ് റൂണിയുടെ മേല്‍നോട്ട ചുമതല. ഇവര്‍ നല്‍കുന്ന ഓരോ നിര്‍ദ്ദേശങ്ങളും അനുസരണയോടെ പാലിക്കുന്ന റൂണി ഒരിക്കലും പിണങ്ങിയിട്ടില്ല.റൂണിയെ കൂടാതെ മറ്റു നാലു പൊലീസ് നായകളാണ് കാസര്‍കോട്ടെ ഡോഗ് സ്‌ക്വാഡിലുള്ളത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ബഡ്ഡി, ഗൗരി, കാമി, ചാര്‍ളി എന്നിവരാണവര്‍.

DONT MISS
Top