അക്യുല 310 ഈവര്‍ഷം തന്നെയെത്തും: വരുന്നത് ടിവിഎസ്-ബിഎംഡബ്ല്യു കൂട്ടുകെട്ടിലെ കരുത്തന്‍

ടിവിഎസ് അക്യുല

ടിവിഎസ് എന്ന ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ സമയമാരംഭിച്ചത് അപ്പാഷെ നിരത്തിലിറങ്ങിയതുമുതലാണെന്ന് നിസംശയം പറയാം. പള്‍സര്‍ എന്ന ബൈക്ക് ബജാജിനെയെന്നപോലെ കമ്പനിയേക്കാള്‍ വലുതായ മോഡലല്ല ടിവിഎസിന് അപ്പാഷെ എങ്കിലും മികച്ച പേര് നേടാന്‍ കമ്പനിക്കായി. ഒരുപക്ഷേ വേഗത മോഹിക്കുന്നവരെ ആദ്യകാലത്ത് കൂടുതല്‍ സന്തോഷിപ്പിച്ചത് പള്‍സറിനേക്കാള്‍ അപ്പാഷെതന്നെയായിരുന്നിരിക്കണം.

പ്രശസ്തമായ 160സിസി, 180 സിസി മോഡലുകള്‍ക്കുശേഷം 200സിസി മോഡല്‍ കമ്പനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയെങ്കിലും മുന്‍ മോഡലുകളിലെന്നപോലെ ഒരു വലിയ മുന്നേറ്റം ടിവിഎസിന് ലഭിച്ചില്ല. എന്നാല്‍ വളരെകാലമായി പറഞ്ഞുകേള്‍ക്കുന്ന ഒരു മോഡല്‍ അവതരിപ്പിച്ച് കൈയ്യടി നേടാനൊരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. ഡിസംബര്‍ ആറിനാണ് ബൈക്ക് പുറത്തിറക്കുന്നത്.

വരുന്നത് ചില്ലറക്കാരനല്ല, ബിഎംഡബ്ല്യുവിന്റെയും ടിവിഎസിന്റെയും കരുത്തും പരിചയ സമ്പത്തും സാങ്കേതിക മികവും ഒത്തിണങ്ങയവനാണ്. 313 സിസി ശേഷിയും 34 ബിഎച്ച്പി കരുത്തുമായിട്ടാണ് വരവ്. ആര്‍ആര്‍ 310 എസ് എന്ന പേരിന് മുന്നില്‍ പ്രതാപത്തിന്റെ പ്രതീകമെന്നോണം അക്യുല എന്ന ആലേഖനവും. അതെ, അപ്പാഷെയുടെ തുടര്‍ച്ചയെന്നോണം അക്യുല എന്ന പുതു മോഡലാണ് ഇപ്പോഴത്തെ ഈ അവതാരം.

കഴിഞ്ഞവര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് അക്യുലയെ അവതരിപ്പിച്ചിരുന്നു. അന്നുമുതല്‍ക്കെ ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിപ്പുതുടങ്ങിയതാണ് അക്യുലയെ വരവേല്‍ക്കാന്‍. ബിഎംഡബ്ല്യുവുമായി ചേര്‍ന്ന് ടിവിഎസ് ബൈക്കുകള്‍ പുറത്തിറക്കുവെന്നത് പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ലഭിക്കുന്ന വിവരങ്ങളനുസരിച്ച് പ്രതീക്ഷകളൊന്നും അക്യുല തെറ്റിക്കുന്നില്ല.

ബിഎംഡബ്ല്യു ജി310 ആര്‍ എന്ന ബൈക്കില്‍നിന്ന് പലഭാഗങ്ങളും അക്യുല സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുകമ്പനികളും ചേര്‍ന്ന് ഇറക്കുന്ന അക്യുല രണ്ട് കമ്പനികളുടേയും സംയുക്തമായ സ്വഭാവങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. നിരത്തില്‍ ഇറങ്ങിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ എങ്കിലും എല്ലാ സൗകര്യങ്ങളും അണിനിരത്തുന്നു അക്യുല എന്നതിനാല്‍ നിരാശപ്പെടേണ്ടിവരില്ല എന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ. ഒപ്പം ഒരു വന്‍കുതിപ്പ് ടിവിഎസും പ്രതീക്ഷിക്കുന്നു.

DONT MISS
Top