കിട്ടിയത് എട്ടിന്റെ പണി; റേറ്റിംഗ് രണ്ടിനും താഴെയാകുമെന്നായതോടെ റിപ്പബ്ലിക് ടിവി ആപ്പ് പിന്‍വലിച്ചു

അര്‍ണബ് ഗോസ്വാമി

പ്ലേ സ്‌റ്റോറില്‍ റിപ്പബ്ലിക് ടിവിയുടെ ആപ്ലിക്കേഷന്‍ വരാന്‍ കാത്തിരുന്ന ആളുകള്‍ ധാരാളമായിരുന്നു. ആപ്പ് ഉപയോഗിക്കാനല്ല പിന്നെയോ, കുറഞ്ഞ റേറ്റിംഗ് നല്‍കാന്‍! ബിജെപിയുടെ വ്യാജ പ്രചാരണങ്ങളുടെ കൂടെ നിന്ന് കേരളത്തെ താറടിച്ച് കാണിക്കുന്ന അര്‍ണാബിന്റെ വായടപ്പിക്കാന്‍! അവസാനം മലയാളി ജയിച്ചു, അര്‍ണബ് ആപ്പുമെടുത്ത് പിന്‍വാങ്ങി.

പ്ലേ സ്‌റ്റോറില്‍ നാലരയ്ക്കും അഞ്ചിനും ഇടയിലായിരുന്നു ആപ്പ് പുറത്തിറക്കിയ സമയത്തെ റേറ്റിംഗ്. എന്നാല്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ റേറ്റിംഗ് താഴാന്‍ ആരംഭിച്ചു. പിന്നീട് സംഗതി നാലാളറിഞ്ഞതോടെ റേറ്റിംഗ് കുത്തനെ കുറഞ്ഞു. എന്നാല്‍ ഇതിനോടൊപ്പം ചിലര്‍ ആപ്പിന് അഞ്ചില്‍ അഞ്ച് മാര്‍ക്കും നല്‍കി റിപ്പബ്ലിക്കിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്നുമുണ്ടായിരുന്നു.

ആപ്പിന് വേണ്ടി ജോലി ചെയ്തവരുടെ പ്രയത്‌നം വൃഥാവിലാക്കി റേറ്റിംഗ് കൂപ്പുകുത്തി. അവസാനം റേറ്റിംഗ് രണ്ടില്‍നിന്നും താഴുമെന്നായപ്പോള്‍ ആപ്പ് പിന്‍വലിച്ച് അര്‍ണാബ് തലയൂരി. നേരത്തെ റിപ്പബ്ലിക് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ റേറ്റിംഗ് അവതരിപ്പിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. എന്നാല്‍ അന്നത്തെ ഓര്‍മകള്‍ മനസില്‍ സൂക്ഷിച്ചാണ് അത്രത്തോളം ചീഞ്ഞ് നാറാതെ ആപ്പ് പിന്‍വലിച്ചിരിക്കുന്നത്.

DONT MISS
Top