ജീവന്‍ രക്ഷിയ്ക്കാന്‍ സംസ്ഥാനത്ത് വീണ്ടും ‘ട്രാഫിക്’ മോഡല്‍ യാത്ര; ഹൃദയ ശസ്ത്രക്രിയയ്ക്കായി പിഞ്ചുകുഞ്ഞിനെ കോഴിക്കോട് നിന്ന് കൊച്ചിയിലെത്തിച്ചത് മൂന്നു മണിക്കൂര്‍ കൊണ്ട്

കൊച്ചി: ജീവന്‍ രക്ഷിയ്ക്കാന്‍ സംസ്ഥാനത്ത് വീണ്ടും ട്രാഫിക് സിനിമാ മോഡല്‍ യാത്ര. മുപ്പത് ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മൂന്നു മണിക്കൂര്‍ പത്ത് മിനിറ്റ് കൊണ്ടാണ് കോഴിക്കോട് നിന്ന് റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചത്. ഹൃദയത്തിന് ജന്‍മനാ തകരാറ് സംഭവിച്ച മുപ്പത് ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായാണ് കൊച്ചിയിലെത്തിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകുന്നേരം 4.10 ന് എറണാകുളം ലിസി ആശുപത്രിയിലെത്തി. പൈലറ്റ് വാഹനമില്ലാതെ എത്തിയ ആംബുലന്‍സിന് ഇടപ്പള്ളിയില്‍ നിന്ന് പോലീസ് വഴിതെളിച്ചു.

താനൂര്‍ സ്വദേശികളായ കോയയുടേയും റഫിയത്തിന്റേയും കുഞ്ഞിന്റെ ശുദ്ധ രക്തവും അശുദ്ധ രക്തവും വഹിയ്ക്കുന്ന കുഴലുകള്‍ പരസ്പരം മാറിയ അവസ്ഥയിലാണ്. ന്യുമോണിയ കൂടി ബാധിച്ചതോടെ കുഞ്ഞിന്റെ നില മോശമായി. പത്ത് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്. ഇതേ തുടര്‍ന്നാണ് അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി കുഞ്ഞിനെ എറണാകുളം ലിസി ആശുപത്രിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ.

DONT MISS
Top