ഹാദിയ കേസ്; എന്‍ഐഎ സുപ്രിംകോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഹാദിയ, സുപ്രിംകോടതി

ദില്ലി: ഹാദിയകേസില്‍ എന്‍ഐഎ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍ഐഎ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ആഴ്ച എന്‍ഐഎ സംഘം വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയാണ് ഹാദിയ, അച്ഛന്‍ അശോകന്‍, അമ്മ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. ഇതിന് പുറമെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷെഫിന്‍ ജഹാനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എന്‍ഐഎ തത്സ്ഥിതി റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നത്.

ഹാദിയ കേസ് നവംബര്‍ 27 ന് സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് കേസിന്റെ അന്വേഷണം എന്‍ഐഎ ഊര്‍ജിതപ്പെടുത്തിയത്. അന്നേദിവസം ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതേസമയം, ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഷെഫിന്‍ ജഹാന്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുതെന്നും സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി മാറ്റിവെച്ചിരിക്കുകയാണ്. ഹര്‍ജ് അടിയന്തരമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റ് ഹര്‍ജികള്‍ക്കൊപ്പം ഇത് 27ന് പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് ഒക്ടോബര്‍ 30 നാണ് സുപ്രിം കോടതി വ്യക്തമാക്കിയത്. ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനുള്ള സുപ്രിംകോടതി തീരുമാനം.

DONT MISS
Top