ഇടവേളയില്ലാത്ത മത്സരക്രമം: ബിസിസിഐയെ വിമര്‍ശിച്ച് വിരാട് കോഹ്‌ലി

വീരാട് കോഹ്‌ലി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ മത്സരക്രമത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ബോര്‍ഡിന്റെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നെന്ന് കോഹ്‌ലി വിമര്‍ശിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും കോഹ്‌ലി ചൂണ്ടിക്കാട്ടി.

“ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് രണ്ട് ദിവസത്തെ ഇടവേളമാത്രമാണ് കളിക്കാര്‍ക്ക് ലഭിക്കുന്നത്. ഒരു മാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ ക്യാംപ് സംഘടിപ്പിച്ച് മതിയായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന് കഴിയുന്നില്ല. ഉള്ളതെന്തോ അത് വെച്ച് കളിക്കുക. അതേ പറയാന്‍ കഴിയുന്നുള്ളൂ”. കോഹ്‌ലി അഭിപ്രായപ്പെട്ടു.

ലങ്കയ്‌ക്കെതിരായ പരമ്പര ട്വന്റി20 യോടെ ഡിസംബര്‍ 24 നാണ് അവസാനിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ടീം 27 ന് യാത്രതിരിക്കും. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

“വിദേശത്തെ പര്യടനത്തിന് ശേഷം ടീമിനെ എല്ലാവരും വിലയിരുത്തും. എന്നാല്‍ വിദേശങ്ങളിലെ പര്യടനത്തിന് മുന്‍പ് എത്രദിവസം പരിശീലനത്തിന് ലഭിച്ചു എന്നത് ആരും പരിഗണിക്കില്ല”. കോഹ്‌ലി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അശ്വിനും ജഡേജയ്ക്കും അവസാന ഇലവനില്‍ സ്ഥാനം ഉറപ്പ് പറയാന്‍ കഴിയില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. ടീമിന്റെ സന്തുലിതാവസ്ഥ കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഒരു സ്പിന്നറെ ഉള്‍പ്പെടുത്തിയാകും മത്സരത്തിനിറങ്ങുക എന്ന സൂചനയാണ് കോഹ്‌ലി നല്‍കിയത്.

മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.

DONT MISS
Top