ശ്രീനഗര്‍ സൈനിക സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി; എത്തിയത് കേണല്‍ വേഷത്തില്‍

ധോണി കുട്ടികള്‍ക്കൊപ്പം

ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. ബുധനാഴ്ചയാണ് ലെഫ്റ്റനന്റ് കേണല്‍ റാങ്ക് ലഭിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ വിദ്യാര്‍ഥികളെ കാണാനെത്തിയത്. പഠനത്തിന്റെയും സ്‌പോര്‍ട്‌സിന്റെയും പ്രാധാന്യവും അദ്ദേഹം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. സൈന്യത്തിലെ ടെറിടോറിയല്‍ ആര്‍മി അംഗമാണ് ധോണി.

മാധ്യമങ്ങളെയോ മറ്റ് സംഘടനകളെയോ അറിയിക്കാതെയാണ് ധോണി സ്‌കൂളിലെത്തിയത്. സന്ദര്‍ശനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതരും വ്യക്തമാക്കി. ട്വിറ്ററിലൂടെ സേനയാണ് വിവരം പുറത്തുവിട്ടത്. കേണല്‍ വേഷത്തില്‍ കുട്ടികളോടൊപ്പമുള്ള ധോണിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

ധോണി ഇപ്പോള്‍ അവധി ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെയുള്ള അടുത്ത ഏകദിന പരമ്പരയ്ക്ക് മാത്രമെ താരത്തിന് ടീമിനൊപ്പം ചേരേണ്ടതുള്ളൂ. ടീം ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ്. ഡിസംബര്‍ 10നാണ് ഏകദിന മത്സരങ്ങള്‍ ആരംഭിക്കുക.

DONT MISS
Top