കാസര്‍ഗോഡ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം:പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട്: സ്വകാര്യശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ബേഡകം വലിയടുക്കത്തെ അച്യുതന്‍ ഗൗരി ദമ്പതികളുടെ മകള്‍ മജ്ഞുഷ (32) മരിച്ച സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ വിദ്യാനഗര്‍ പോലീസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളുടെ വിവരങ്ങള്‍ നല്‍കി. മഞ്ജുഷയുടെ രക്തകുഴലുകളില്‍ അമിതമായി ഓക്‌സിജന്‍ കടന്നതാണ് മരണകാരണമായതെന്ന് മൊഴി നല്‍കിയെന്നാണ് വിവരം. ഇതെങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമാകാനുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്കെല്ലാം ശേഷമാണ് പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട്. സിറിഞ്ചിലൂടെയാണ് രക്തകുഴലുകളില്‍ അമിതമായി ഓക്‌സിജന്‍ കടക്കാന്‍ കൂടുതല്‍ സാധ്യതയെന്നും പറയപ്പെടുന്നു. ഇതേതുടര്‍ന്ന് മഞ്ജുഷയെ ചികില്‍സിച്ച ഡോക്ടറുടെയും, ആശുപത്രി നഴ്‌സിംഗ് ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കാന്‍ പോലീസ് നടപടികള്‍ ഉടന്‍ ആരംഭിക്കും.

അന്വേഷണത്തിന്റെ ഭാഗമായി മജ്ഞുഷയുടെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. കഴിഞ്ഞമാസം 26 ന് വ്യാഴാഴ്ചയാണ് മഞ്ജുഷയെ നാലാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് മഞ്ജുഷ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവം ആയിരുന്നു. പിന്നീട് മഞ്ജുഷ മരിച്ചതായുള്ള വിവരമാണ് ഡോക്ടറും ആശുപത്രി അധികൃതരും അറിയിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് ചികില്‍ത്സാ രേഖകള്‍ ആശുപത്രിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

പ്രസവ സമയത്ത് അമ്മ ഗൗരിയും മറ്റു ബന്ധുക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ‘മാസം തികയാത്ത തന്റെ മകളെ ഡോക്ടര്‍ ശോഭ മയ്യ നിര്‍ബന്ധിച്ചു അഡ്മിറ്റ് ചെയ്യിക്കുകയും തിരക്കിട്ടു പ്രസവം നടത്തുകയുമായിരുന്നുവെന്ന്’ മഞ്ജുഷയുടെ അമ്മ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ‘ദീര്‍ഘ അവധിയെടുത്ത് അമേരിക്കയില്‍ പോകാനുണ്ടെന്നുീ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ പറഞ്ഞിരുന്നു. നിര്‍ബന്ധിച്ചാണ് പ്രസവത്തിന് ആശുപത്രിയില്‍ വരുത്തിച്ചത്.’ മഞ്ജുഷയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. കാസര്‍കോട് കൂഡ്‌ലു കൂടല്‍ ക്ഷേത്രത്തിന് സമീപത്തെ ഹരീഷിന്റെ ഭാര്യയാണ് മഞ്ജുഷ.

DONT MISS
Top