‘പത്മാവതി’ക്ക് ഗുജറാത്തിലും വിലക്ക്; വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി

അഹമ്മദാബാദ് : മധ്യപ്രദേശിനു പിന്നാലെ വിവാദങ്ങള്‍ അവസാനിക്കുന്നതുവരെ പത്മാവതി പ്രദര്‍ശിപ്പിക്കരുതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉത്തരവിറക്കി. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ രജപുത്ത് വിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടും എന്നു ചൂട്ടിക്കാട്ടിയാണ് രൂപാണി  ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയത്.

അഭിപ്രായസ്വാതന്ത്ര്യത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത് അനുവദിക്കാനാകില്ല. മഹത്തായ പാരമ്പര്യത്തെക്കുറിച്ച് കള്ളം പറയുന്നത് കണ്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ്  സിനിമ  പ്രദര്‍ശിപ്പിക്കേണ്ടെന്ന തീരുമാനം എടുത്തതെന്നും വിജയ് രൂപാണി പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാര്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജപുത് വിഭാഗം നല്‍കിയ പരാതിയിന്‍മേലാണ് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ മാറ്റിവെച്ചതായി അറിയിച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പത്മാവതിയും മുസ്‌ലീം ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് രജപുത്ര കര്‍ണിസേന രംഗത്തെത്തിയിരുന്നത്.

സിനിമ ആദ്യം രജപുത്ര കര്‍ണിക വിഭാഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന ആവശ്യവുമായി നേരത്തെ തന്നെ കര്‍ണി സേന രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല എന്നുറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

DONT MISS
Top