നടിയോട് ദിലീപിന് ഒടുങ്ങാത്ത പക; ഗൂഢാലോചന തുടങ്ങിയത് 2013 ല്‍: കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് തീര്‍ത്താല്‍ തീരാത്ത പകയാണ് ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തന്റെ വിവാഹബന്ധം തകരാന്‍ കാരണം നടി ആയിരുന്നെന്ന് ദിലീപ് വിശ്വസിച്ചു. ഇതാണ് നടിയെ ആക്രമിക്കുക എന്ന തീരുമാനത്തിലേക്ക് ദിലീപ് എത്തിയത്. ഇതിനുള്ള ഗൂഢാലോചന 2013 മുതല്‍ ആരംഭിച്ചു. ഗൂഢാലോചനയില്‍ പള്‍സര്‍ സുനിയും ദിലീപും മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കുറ്റപത്രത്തില്‍ പറയുന്നു.

ദിലീപ് ആനപ്പകയുള്ള ആളാണെന്ന സഹപ്രവര്‍ത്തകന്റെ മൊഴിയും കുറ്റപത്രം ഉണ്ട്. സിനിമ മേഖലയിലുള്ള അഞ്ച് പേര്‍ ദിലീപിനെതിരെ നല്‍കിയ മൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിക്ക് സിനിമ മേഖലയില്‍ ലഭിക്കേണ്ട അവസരങ്ങള്‍ ദിലീപ് തടഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു. തന്റെ അവസരങ്ങള്‍ ദിലീപ് തടഞ്ഞതായി നടി മൊഴി നല്‍കിയിട്ടുണ്ട്.

കൂട്ടബലാത്സംഗം അടക്കം 17 കുറ്റങ്ങളാണ് എട്ടാം  പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.  അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 12 പ്രതികളുണ്ട്.

പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ (9), സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് കൊടുത്ത വിഷ്ണു (10), കേസിലെ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ പ്രതീഷ് ചാക്കോ (11), ഇയാളുടെ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫ് (12) എന്നിവരാണ് അനുബന്ധ കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

650 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 450 ലധികം രേഖകളാണുള്ളത്. 355 സാക്ഷികളും. നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്ന്  50 സാക്ഷികളാണ് ഉള്ളത്. രണ്ട് മാപ്പ് സാക്ഷികളും കേസിലുണ്ട്. ജയിലില്‍നിന്നും പള്‍സര്‍ സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷുമാണ് മാപ്പ് സാക്ഷികള്‍.  22 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

DONT MISS
Top