കാസര്‍ഗോഡ് ജില്ലയില്‍ വ്യാപക മണല്‍ കടത്ത്; നടപടി എടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍

കാസര്‍ഗോഡ്: ആലൂരില്‍ വ്യാപക മണല്‍കൊള്ള. ഇതരസംസ്ഥാന തൊഴിലാളികളായ എണ്‍പതോളം പേരെ ഉപയോഗിച്ച് പുഴയില്‍നിന്ന് വ്യാപകമായി മണല്‍ കടത്തുന്നതായി നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പരാതിപ്പെട്ടു.

ആലൂര്‍, മീത്തല്‍ ആലൂര്‍, മുണ്ടക്കൈ, കല്ലുകവള എന്നിവിടങ്ങളില്‍ നിന്നാണ് പൂഴി കടത്തുന്നത്. നിരവധി ഫൈബര്‍ ബോട്ടുകളും വള്ളങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. പത്തിലേറെ ടിപ്പര്‍ ലോറികള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഒരു ദിവസം അമ്പതോളം ലോഡ് മണലാണ് കടത്തുന്നത്.

പുഴയില്‍ മണല്‍ ക്ഷാമം ഉള്ളതായി വ്യക്തമായതിനാല്‍ അംഗീകൃത കടവുകള്‍ പോലും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് മണല്‍ എടുക്കുന്നത്. ബാവിക്കര പമ്പില്‍ ഹൗസിനു സമീപമുള്ള പ്രദേശങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇവര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതും ഈ വെള്ളത്തിലാണ്. ഇതേ വെള്ളമാണ് വാട്ടര്‍ അതോറിറ്റി പമ്പ് ചെയ്യുന്നതും. അതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

നേരത്തെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കടവുകള്‍ പൊലീസ് നശിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും കടവുകള്‍ പണിതാണ് മണല്‍ കടത്തുന്നത്. ആലൂര്‍ പൊലീസ് സ്‌റ്റേഷനിലെ ചില പൊലീസുകാര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്. പരാതി പറഞ്ഞാല്‍ പൊലീസുകാര്‍ വന്നുപോകുന്നതല്ലാതെ നടപടിയെടുക്കുന്നില്ല. കൂടാതെ പരാതി പറഞ്ഞവരുടെ വിവരങ്ങള്‍ പോലും മണല്‍ മാഫിയയ്ക്ക് ലഭിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

DONT MISS
Top