അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി; പാലക്കാട് ഏവിയന്‍ കോളെജിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി കബളിപ്പിച്ചു എന്നാരോപിച്ച് പാലക്കാട് തിരുവിഴാകുന്ന് അവിൻസ് കോളെജിനെതിരെ വിദ്യാർത്ഥികൾ സമരം ശക്തമാക്കി. ഏവിയന്‍ കോളെജ് പോളിമെട്രി ആന്റ് ബിസിനസ്സ് മാനെജ്മെന്റ് വിഭാഗം വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നത്. കോഴ്സിന് അംഗീകാരമില്ലാതായതോടെ പഠനം പൂർത്തിയാക്കിയ 100 ഓളം വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായത്.

കേരള വെറ്റിനറി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏവിയൻ സയൻസ് ആന്റ് മാനേജ്മെന്റ് കോളെജിലെ പോള്‍ട്രി പ്രൊഡക്ഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് വിദ്യാർത്ഥികളാണ് കോഴ്സിന് അംഗീകൃത സർട്ടിഫിക്കറ്റില്ല എന്നറിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രവേശന സമയത്ത് ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചർ റിസേർച്ച് അംഗീകാരം കോഴ്സിനുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകിയിരുന്നു. കൂടാതെ കോഴ്സിൽ ധാരാളം ജോലി സാധ്യതകൾ ഉണ്ടന്നും അധികൃതർ ഉറപ്പു നൽകിയിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

കോഴ്സ് കഴിഞ്ഞ് അധികൃതർ മൗനം പാലിച്ചതോടെ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയെ സമീപിച്ചു. തുടർന്നു നൽകിയ വിവരാവകാശ രേഖയിൽ നിന്നാണ് കോഴ്സിന് അംഗീകരമില്ലെന്ന് വിദ്യാർത്ഥികൾക്ക് മനസിലാകുന്നത്. ഇതോടെ പഠനം പൂർത്തിയാക്കിയ 100 ഓളം വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ്. ലോൺ എടുത്താണ് മിക്ക വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കിയത്. കോഴ്സിന് അംഗീകരമില്ലെന്ന് അറിഞ്ഞതോടെ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികൾ.

നിരന്തരം യൂണിവേഴ്സിറ്റിയുമായി ചർച്ചകൾ നടത്തിയെങ്കിലും വേണ്ട നടപടികളൊന്നും അധികൃതർ സ്വീകരിക്കാതായതോടെയാണ് വിദ്യാർത്ഥികൾ സമരം ആരംഭിച്ചത്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നത് വരെ ശക്തമായ രാപ്പകൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

DONT MISS
Top