ഹൈദരാബാദില്‍ പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പരാതി

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഹൈദരാബാദില്‍ പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്‌കൂള്‍ അധ്യാപികയ്ക്കും പ്രിന്‍സിപ്പാളിനുമെതിരേ ഗുരുതര ആരോപണം. അധ്യാപികയും പ്രധാനധ്യാപകനും മാനസികമായി പീഡിപ്പിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥിനി തന്നെയാണ് രംഗത്തെത്തിയത്.

ഹൈദരാബാദ് നാരായണ കോളെജ് പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ആറുമാസമായി സ്‌കൂളിലെ കണക്ക് അധ്യാപിക അകാരണമായി തന്നെ ശിക്ഷിക്കുകയും നിരന്തരമായ മാനസിക പീഢനമേല്‍പ്പിക്കുകയും ചെയ്തതായാണ് പെണ്‍കുട്ടിയുടെ ആരോപണം. പ്രിന്‍സിപ്പാളിനോട് പലതവണ പരാതി പറഞ്ഞിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

‘കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ടീച്ചര്‍ എന്നെ ശിക്ഷിക്കുമായിരുന്നു. ആറുമാസമായി ഇത് തുടരുകയാണ്. നിരന്തരമായി മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനോട് പരാതി പറഞ്ഞിരുന്നു, എന്നാല്‍ അവര്‍ പ്രതികരിച്ചില്ല. ഞാന്‍ മാനസികമായി ഏറെ തളര്‍ന്നു. ഗത്യന്തരമില്ലാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എനിക്ക് നീതി വേണം, ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാനിടവരരുത്’  പെണ്‍കുട്ടി പറയുന്നു.

അതേസമയം സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ശിശുസംരക്ഷണ പ്രവര്‍ത്തകന്‍ അച്യുത് റാവു രംഗത്തെത്തി. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ആത്മഹത്യനിരക്ക് കുറച്ചുകൊണ്ടുവരുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും റാവു ആരോപിച്ചു.

DONT MISS
Top