ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും; ചുമത്തിയിരിക്കുന്നത് കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകള്‍

ദിലീപ്‌

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.അയ്യായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.  അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും.

ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങി പതിനേഴ് വകുപ്പുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.  സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച  ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു നടി ആക്രമിക്കപ്പെടുന്നത്. നടിയെ ആക്രമിച്ച് അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ പൊലീസ് പടികൂടുന്നത്. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.

DONT MISS
Top