ദീപികയുടെ തല സുരക്ഷിതമായിരിക്കണം; ഉണര്‍ന്ന് ചിന്തിക്കേണ്ട സമയമായെന്നും കമല്‍ഹാസന്‍

ചെന്നൈ: വിവാദങ്ങളെത്തുടര്‍ന്ന് ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസിംഗ് മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. റാണി പത്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുകോണിന്റെ തല സുരക്ഷിതമായിരിക്കണമെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ കഥ ഹൗന്ദവ സംസ്‌കാരത്തെ താഴ്ത്തിക്കെട്ടുന്നതാണെന്ന് ആരോപിച്ചാണ് ബിജെപി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രോഷപ്രകടനം നടത്തിയത്. ചിത്രം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതൃത്വം വെല്ലുവിളിച്ചു.

അതേസമയം പത്മാവതിയുടെ സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടേയും റാണി പത്മിനിയായി അഭിനയിക്കുന്ന നടി ദീപികയുടേയും തല വെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രസ്താവനയുമായി ഹരിയാന ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ നേതാവിനോട് ബിജെപി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ചായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ദീപികയുടെ സ്വാതന്ത്രം നിഷേധിക്കരുതെന്നും അവരുടെ തല സുരക്ഷിതമായിരിക്കണമെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. ദീപികയുടെ ശരീരത്തെക്കാള്‍ തലയെ താന്‍ ബഹുമാനിക്കുന്നുവെന്നും കമല്‍ ട്വീറ്റില്‍ കുറിച്ചു. തന്റെ ചിത്രങ്ങള്‍ക്ക് നേരെയും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നമ്മള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

ചിത്രത്തില്‍ പത്മാവതി റാണിയ്ക്ക് അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നേതാവിന്റെ ആക്ഷേപം. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, നായിക ദീപിക പദുകോണും, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും രാജ്യം വിട്ട് പോകേണ്ടതാണെന്നും നേതാവ് ആവശ്യപ്പെടുന്നു. ചിത്രത്തിന്റെ റിലീസ് തടയാന്‍ രക്തം കൊണ്ട് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ദീപികയ്ക്ക് നേരെയുള്ള കൊലവിളി. കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ദീപിക പദുകോണ്‍ ഇന്ത്യക്കാരിയല്ല എന്ന വാദവുമായി രംഗത്തെത്തിയിരുന്നു. ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ടുപോയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നുമാണ് സ്വാമി പറഞ്ഞത്.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് മാറ്റി വെച്ചതായി അറിയിക്കുകയായിരുന്നു. ചിത്രത്തില്‍ റവല്‍ രത്തന്‍ സിംഗായി ഷാഹിദ് എത്തുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ വേഷമിടുന്നു.

DONT MISS
Top