ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 കോടിയില്‍പരം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. അരവണ വില്‍പ്പന ഇരട്ടിയായി. നടവരവില്‍ ഒരു കോടിയില്‍ പരം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

ശബരിമലയിൽ മണ്ഡലപൂജ ആരംഭിച്ചതിന് ശേഷമുള്ള 4 ദിവസത്തെ വരവ് സംബന്ധിച്ച വിവരങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്. ആകെ വരുമാനം 15 ,91,51,534 രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേസമയത്തെ വരുമാനം 10,77,51,556 രൂപയായിരുന്നു.

സന്നിധാനത്തെ നടവരവ് 3,69,16,665 ല്‍ നിന്നും 4,65,30,885 ലേക്കും മാളികപ്പുറത്ത് 5 ലക്ഷത്തി 28 ആയിരത്തില്‍ നിന്ന് 7ലക്ഷത്തി 78 ആയിരത്തിലേക്കും ഉയര്‍ന്നു. അപ്പം വില്‍പ്പനയിലൂടെ 87,53,080 രൂപയും അരവണ വില്‍പ്പനയിലൂടെ 6,73,59,440 രൂപയും ലഭിച്ചു. ഇതില്‍ അരവണ വില്‍പ്പനയില്‍ ഇരട്ടിയോളമാണ് വര്‍ദ്ധനവ്.

നോട്ട് അസാധുവാക്കലാണ് കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാല വരുമാനത്തില്‍ ഇടിവുണ്ടാക്കിയത്. ക്ഷേത്രത്തിലേക്ക് കാണിക്ക അര്‍പ്പിക്കരുതെന്ന തരത്തിലുള്ള പ്രചരണങ്ങളെ അതിജീവിച്ചാണ് വരുമാന വര്‍ദ്ധനവെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു . അതേസമയം അര്‍ച്ചന വഴിപാട് ഇനത്തിലും ബുക്ക് സ്റ്റാളിലെ വില്‍പ്പനയിലും ഇടിവ് ഉണ്ടായി. വെള്ളനിവേദ്യം, ശര്‍ക്കര പായസം എന്നീ ഇനങ്ങളില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കടുത്ത സാമ്പത്തീക ബാധ്യതയിൽ നട്ടം തിരിയുന്ന ദേവസ്വം ബോർഡിന് ആശ്വാസം പകരുന്നതാണ് ശബരിമലയിലെ വരുമാന വർധനവ്.

DONT MISS
Top