നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതാവസ്ഥ

ദിലീപ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കില്ല. കൂടുതല്‍ നിയമ പരിശോധനകള്‍ക്കായി കുറ്റപത്രം എജിക്ക് കൈമാറിയ സാഹചര്യത്തിലാണ് ഇന്ന് സമര്‍പ്പിക്കാന്‍ കഴിയാത്തത്. നാളെയോ തൊട്ടടുത്ത ദിവസമോ ആയിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനായിരുന്നു പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നത്.

കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ 300 ലധികം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും. കേസില്‍ 425 ഓളം രേഖകളും അന്വേഷണ സംഘം സമര്‍പ്പിക്കുന്നുണ്ട്.

മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ദിലീപിനെതിരെ മറ്റൊരു കണ്ടെത്തല്‍ പൊലീസ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയോടൊപ്പം ജയിലിലുണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായാണ് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍.

DONT MISS
Top