വിംബിള്‍ഡണ്‍ മുന്‍ വനിതാ ചാമ്പ്യന്‍ ജാന നൊവോട്‌ന അന്തരിച്ചു

വിംബിള്‍ഡണ്‍ കിരീടവുമായി ജാന നൊവോട്‌ന (ഫയല്‍)

പ്രാഗ്: 1998 വിംബിള്‍ഡണില്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ വനിതാ ടെന്നീസ് താരം ജാന നൊവോട്‌ന കാന്‍സര്‍ രോഗത്തെതുടര്‍ന്ന് അന്തരിച്ചു. 49 വയസായിരുന്നു.

ഒരു തവണ മാത്രമേ വിംബിള്‍ഡണ്‍ കിരീടമുയര്‍ത്തിയുള്ളൂവെങ്കിലും സ്‌റ്റെഫി ഗ്രാഫ്, മോനിക്ക സെലസ്, അരാഞ്ച സാഞ്ചസ്, മാര്‍ട്ടിന ഹിംഗിസ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് ഒരു കാലത്ത് വന്‍വെല്ലുവിളിയുയര്‍ത്തിയ താരമായിരുന്നു ജാന നൊവോട്‌ന. 1998 വിംബിള്‍ഡണ്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ നഥാലി തൗസിയാതിനെ പരാജയപ്പെടുത്തിയാണ് ജാന കിരീടം സ്വന്തമാക്കിയത്. അതിന് മുന്‍പ് 1993, 1997 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയിരുന്നുവെങ്കിലും യഥാക്രമം സ്‌റ്റെഫി ഗ്രാഫ്, മാര്‍ട്ടിന ഹിംഗിസ് എന്നിവരോട് പരാജയപ്പെടുകയായിരുന്നു. 1991 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയെങ്കിലും മോനിക്ക സെലസിനോട് പരാജയപ്പെട്ടു. വിംബിള്‍ഡണ്‍ സിംഗിള്‍സില്‍ ഒരു തവണ മാത്രമേ കിരീടം ചൂടിയുള്ളൂവെങ്കിലും നാല് തവണ ഡബിള്‍സില്‍ ജാന നൊവോട്‌ന കിരീടമുയര്‍ത്തിയിട്ടുണ്ട്.ടെന്നീസ് ഡബിള്‍സ് വിഭാഗത്തില്‍ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടവും സ്വന്തമാക്കിയിട്ടുള്ള ജാന നൊവോട്‌ന ആകെ 76 ഡബിള്‍സ് കിരീടവും 24 സിംഗിള്‍സ് കിരീടവും നേടിയിട്ടുണ്ട്.

1968 ഒക്ടോബര്‍ രണ്ടിന് ചെക്കോസ്ലോവാക്യയിലെ ബെര്‍ണോയില്‍ ജനിച്ച ജാന നൊവോട്‌ന 1987 മുതല്‍ 1999 വരെ കളിക്കളങ്ങളില്‍ സജീവമായിരുന്നു. 88 -ല്‍ ഫെഡറേഷന്‍ കപ്പ് നേടിയ ചെക്കോസ്ലോവാക്യന്‍ ടീമില്‍ അംഗവുമായിരുന്നു അവര്‍. 1992 ല്‍ രാജ്യം വിഭജിക്കപ്പെട്ടതിന് ശേഷം ചെക്ക് റിപ്പബ്ലിക്കിന് കീഴിലാണ് ജാന നൊവോട്‌ന ടെന്നീസ് റാക്കറ്റേന്തിയത്. 1997 -ല്‍ വനിത ടെന്നീസില്‍ രണ്ടാം റാങ്കിലെത്തിയിരുന്നു. 1999 -ല്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ചു.

DONT MISS
Top