തുടര്‍ച്ചയായുള്ള വിവാദങ്ങള്‍; റിലീസിന് മുന്‍പേ പത്മാവതിയെ നിരോധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: തുടരെയുള്ള വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയെ നിരോധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ചിത്രം നിരോധിക്കണമെന്നാവശ്യ പ്പെട്ട് രജപുത് വിഭാഗം നല്‍കിയ പരാതിയിന്‍മേലാണ് ശിവരാജ് സിംഗ് സര്‍ക്കാരിന്റെ തീരുമാനം.

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍ രജപുത്ര രാജ്ഞിയായ പത്മിനിയും മുസ്‌ലീം ചക്രവര്‍ത്തി അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള ബന്ധത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് രജപുത്ര കര്‍ണിസേന രംഗത്തെത്തിയിരുന്നത്.

സിനിമ ആദ്യം രജപുത്ര കര്‍ണിക വിഭാഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന ആവശ്യവുമായി നേരത്തെ തന്നെ കര്‍ണി സേന രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല എന്നുറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും കര്‍ണി സേന വ്യക്തമാക്കിയിരുന്നു.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പത്മാവതി തുടക്കം മുതലെ നിരവധി വിവാദങ്ങളിലൂടെയാണ് കടന്ന് പോയികൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും പിന്നീട് ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുകയും ദിനംപ്രതി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

DONT MISS
Top