ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി പാരിതോഷികം; നേതാവിനോട് വിശദീകരണം ചോദിച്ച് ബിജെപി നേതൃത്വം

ദില്ലി:  ഏറെ വിവാദങ്ങളുണ്ടാക്കിയ ബോളിവുഡ് ചിത്രം പത്മാവതിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലവെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബിജെപി നേതാവ് സൂരജ്പാല്‍ അമുവിനോട് വിശദീകരണം ചോദിച്ച് പാര്‍ട്ടി നേതൃത്വം. ഹരിയാനയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അനില്‍ ജയ്‌നാണ് സൂരജ്പാലിനോട് വിശദീകരണം ആരാഞ്ഞത്. സിനിമയെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇത്തരം ഭീഷണികള്‍ അംഗീകരിക്കാനാകില്ലെന്ന് അനില്‍ ജയ്ന്‍ പറയുന്നു.

ഹരിയാനയിലെ ബിജെപിയുടെ മീഡിയ കോര്‍ഡിനേറ്ററാണ് സൂരജ്പാല്‍ അമു. സംഭവത്തില്‍ എത്രയും പെട്ടെന്ന് വിശദീകരണം നല്‍കാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസമാണ് പത്മാവതിയുടെ  സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപാ പാരിതോഷികം പ്രഖ്യാപിച്ച് സൂരജ്പാല്‍ രംഗത്തെത്തുന്നത്.

ബന്‍സാലിക്കു പുറമെ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന രണ്‍വീര്‍ സിംഗിനെതിരെയും നേതാവ് കൊലവിളി നടത്തുന്നുണ്ട്. ബന്‍സാലിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ അടിച്ച് കയ്യും കാലും ഒടിക്കും എന്നായിരുന്നു സൂരജ് പാലിന്റെ മറ്റൊരു ഭീഷണി.

തുടര്‍ച്ചയായുണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതിയുടെ റിലീസ് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല റിലീസിംഗ് മാറ്റിവെച്ചതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നത്.

DONT MISS
Top