തൊഴിലാളികള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത വകുപ്പും നിര്‍ജീവമായ മന്ത്രിയും; തൊഴില്‍ വകുപ്പിനെതിരെ സമരത്തിനൊരുങ്ങി സിപിഐ

ഇടുക്കി: തൊഴില്‍ വകുപ്പിനെതിരെ ആഞ്ഞടിച്ച് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി രംഗത്ത്. തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവകുപ്പും നിര്‍ജീവമായ മന്ത്രിയുമാണ് സംസ്ഥാനത്തുള്ളതെന്ന് സിപിഐ കുറ്റപ്പെടുത്തി. തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിനൊരുങ്ങുകയാണ് സിപിഐ. തോട്ടം തൊഴിലാളികളുടെ വോട്ട് വാങ്ങി വിജയിച്ച ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ കുറ്റപ്പെടുത്തി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം മൂന്നാറില്‍ വീണ്ടും സിപിഐ-സിപിഐഎം പോര്‍മുഖം തുറന്നിരിക്കുകയാണ്.

തൊഴില്‍ മന്ത്രിയുടെ ഭാഗത്തുനിന്നും യാതൊരു നീതിയും ലഭിക്കുന്നില്ലെന്നും തൊഴിലാളികളുടെ ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട് പല തവണ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും സിപിഐ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി തൊഴിലാളികളെ സംഘടിപ്പിച്ച് സിപിഐ സമരത്തിനൊരുങ്ങുന്നത്.
തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 13 എസ്റ്റേറ്റുകളില്‍ എഐറ്റിയുസി നേതൃത്വത്തില്‍ നാളെ ധര്‍ണ്ണ സംഘടിപ്പിക്കുകയാണ്.

മൂന്നാറില്‍ സിപിഐയെ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടിയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപാരികളേയും മറ്റും സംഘടിപ്പിച്ച് മൂന്നാര്‍ സംരക്ഷണ സമതിക്ക് രൂപം നല്‍കിയത്. സിപിഐഎം നേതൃത്വത്തിലുള്ള മൂന്നാര്‍ സംരക്ഷണ സമിതി മൂന്നാര്‍ മേഖലയിലെ  പത്ത് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ മറുപടി നല്‍കി നോട്ടീസിറക്കി സിപിഐ നിലപാട് വ്യക്തമാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനങ്ങള്‍ റോഡിലിറക്കുമെന്നും കടകള്‍ തുറക്കുമെന്നും സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് തൊട്ടുപുറകേയാണ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച്  ധര്‍ണ്ണ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ശമ്പളം പതിനെണ്ണായിരം രൂപയാക്കുക, ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക, പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

DONT MISS
Top