ദിലീപിനെതിരെ കുരുക്ക് മുറുക്കി അന്വേഷണ സംഘം: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തല്‍

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയോടൊപ്പം ജയിലിലുണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കി നാളെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍.

ലക്ഷ്യയിലെ ജീവനക്കാരനെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക.

കേസിലെ ഏഴാം പ്രതിയായ ചാര്‍ളി ദിലീപിനെതിരെ മാപ്പുസാക്ഷിയാകാം എന്ന് ആദ്യഘട്ടത്തില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും ചാര്‍ളി പിന്‍മാറുകയായിരുന്നു. ഇത് ദിലീപിന്റെ ഇടപെടലുകള്‍ കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്ന ഇയാള്‍ നേരത്തെ മൊഴി മാറ്റിയിരുന്നു. സുനി ലക്ഷ്യയില്‍ വന്നിരുന്നു എന്ന മൊഴിയാണ് ഇയാള്‍ മാറ്റിപ്പറഞ്ഞത്.

ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെയും ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. മൂന്ന് യുവ സംവിധായകര്‍ വഴിയാണ് മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ മഞ്ജുവിനെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തനിക്ക് അസൗകര്യങ്ങളുള്ളതുകൊണ്ട് കേസില്‍ സാക്ഷിയാകാന്‍ കഴിയില്ലെന്ന് മഞ്ജു അന്വേഷണ സംഘത്തെ അറിയിച്ചുകഴിഞ്ഞു. ഇത് ദിലീപ് സ്വാധീനിച്ചതിന്റെ ഫലമാണെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.

അതേസമയം, ദിലീപിനെ എട്ടാം പ്രതിയാക്കി നാളെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ 300 ലധികം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും. കേസില്‍ 425 ഓളം രേഖകളും അന്വേഷണ സംഘം സമര്‍പ്പിക്കുന്നുണ്ട്.

മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.

കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത് എന്നാണ് വിവരം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.

DONT MISS
Top