സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിനില്ല: തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള നീക്കം മര്യാദ കേടെന്നും എംഎം മണി

എംഎം മണി (ഫയല്‍)

മലപ്പുറം: സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം മണി. സിപിഐയ്ക്ക് മുന്നണി മര്യാദയില്ലെന്ന് മണി കുറ്റപ്പെടുത്തി. സിപിഐ എന്ന വിഴിപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള നീക്കം മര്യാദ കേടാണെന്നും എംഎം മണി നിലമ്പൂരില്‍ പറഞ്ഞു.

വണ്ടൂരില്‍ നടന്ന സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് സിപിഐയെ കടുത്ത ഭാഷയില്‍ എംഎം മണി വിമര്‍ശിച്ചത്. മുന്നണിയെ ഒന്നിച്ചുകൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിപിഐഎം ഇതിന് പിന്തുണ നല്‍കുന്നു. ഇതിനിടയിലാണ് സിപിഐ സ്വയം നല്ലപിള്ള ചമയുന്നത്. അത് വെറും കൈയടി നേടാനുള്ള നീക്കമാണെന്നും മണി കുറ്റപ്പെടുത്തുന്നു.

തോമസ് ചാണ്ടിയുടെ വിഷയം സിപിഐയെ ബോധ്യപ്പെടുത്തിയതാണ്. രാജികാര്യം തീരുമാനിക്കാന്‍ എന്‍സിപിക്ക് സമയം നല്‍കിയതുമാണ്. എന്നിട്ടും മന്ത്രിസഭയില്‍ നിന്നും വിട്ടുനിന്ന സിപിഐ നടപടി അംഗീകരിക്കാനാകില്ലെന്നും അത് ശരിയായില്ലെന്നുമാണ് എംഎം മണി തുറന്നടിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ആകാനുള്ള സിപിഐയുടെ ശ്രമം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്നും എംഎം മണി പറഞ്ഞു. മൂന്നാര്‍ അടക്കം പല വിഷയങ്ങളിലും മുഖ്യമന്ത്രി അറിയാതെയാണ് സിപിഐ തീരുമാനമെടുക്കുന്നത്. ഇതൊന്നും മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ലെന്നും ഇതെല്ലാം അനാവശ്യമായ വിവാദങ്ങളുണ്ടാക്കുകയാണ് ചെയ്യുകയെന്നും എംഎം മണി പറഞ്ഞു.

DONT MISS
Top