ദേശീയ പതാകയ്ക്കും മുകളില്‍ ബിജെപി പതാക; ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ റാലി വിവാദത്തില്‍

ഗാസിയാബാദ്: ദേശീയ പതാകയുടെ മുകളില്‍ ബിജെപിയുടെ കൊടി കെട്ടി യോഗി ആദിത്യനാഥിന്റെ റാലി നടത്തിപ്പുകാര്‍. ഗാസിയാബാദിലെ റാംലീല മൈതാനത്താണ് വിവാദമായ സംഭവം നടന്നത്. എന്നാല്‍ സംഭവം യോഗിയുടെ അറിവോടെയല്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മൈതാനത്തിന് മുന്നിലെ ജവഹര്‍ ഗെയ്റ്റില്‍ ദേശീയ പതാകയുണ്ടായിരുന്നു. എന്നാല്‍ റാലിയുടെ ആവേശം പൂണ്ട ബിജെപി അണികള്‍ ഗൗരവകരമായ കുറ്റം ചെയ്യുകയായിരുന്നു. പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും മുന്നില്‍വച്ചാണ് ഇത്തരമൊരു കാര്യം ചെയ്യാനിവര്‍ തുനിഞ്ഞതും.

എന്നാല്‍ പതാക ഉയര്‍ന്നതോടെ നവമാധ്യമങ്ങളില്‍ ചിത്രം വൈറലായി. ഇതോടെ ദേശീയ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. ഇത്തരത്തില്‍ പ്രചരിച്ച സമയത്തുതന്നെ ചെയ്ത മണ്ടത്തരത്തിന്റെ ആഴം മനസിലാക്കി ബിജെപി നേതാക്കന്മാര്‍ പതാക അഴിച്ചുമാറ്റി. എന്നാല്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് തയാറായില്ല.

ദേശീയ പതാകയ്ക്ക് ഒപ്പമോ മുകളിലോ മറ്റൊരു പതാക ഉയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. പതാക നിയമം അതീവ ഗുരുതരമായ കുറ്റകൃത്യമായാണ് ഇതിനെ വിലയിരുത്തുന്നത്. ഒരു രാജ്യത്തിന്റെ പരമാധിരകാരത്തോടുള്ള വെല്ലുവിളിയാണ് പതാകയ്ക്കുമുകളില്‍ മറ്റൊരു പതാക ഉയര്‍ത്തുന്നത്.

മതേതരത്വം എന്നത് ഒരു വലിയ നുണയാണെന്നാണ് കഴിഞ്ഞ ദിവസം ആദിത്യനാഥ് അഭിപ്രായപ്പെട്ടത്. ഇത്തരം വിഡ്ഢിത്തരങ്ങള്‍ പറയുന്ന ഒരു മുഖ്യമന്ത്രിയുടെ നാട്ടില്‍ പതാക ഇങ്ങനെ കെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ സംഭവം പങ്കുവയ്ക്കപ്പെടുന്നത്.

DONT MISS
Top