പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പത്മാവതിയുടെ റിലീസ് മാറ്റി

ദില്ലി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ റിലീസ് തീയതി മാറ്റി. ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ എത്തില്ല. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, ചിത്രത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല റിലീസിംഗ് മാറ്റിവെച്ചതെന്നും പത്രക്കുറിപ്പില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

തടസങ്ങള്‍ എത്രയും വേഗം നീങ്ങി സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. അതിനിടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ടിവി ചാനലുകള്‍ക്കായി ചിത്രം പ്രദര്‍ശിപ്പിച്ചതിനെ സെന്‍സര്‍ബോര്‍ഡ് ചെയര്‍ പ്രസൂണ്‍ ജോഷി വിമര്‍ശിച്ചിരുന്നു.

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പത്മാവതിയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ അണിയറ പ്രവര്‍ത്തകര്‍ നിരവധി ഭീഷണികളാണ് നേരിട്ടത്. ചിത്രീകരണത്തിനിടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും പിന്നീട് ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുകയും ദിനംപ്രതി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

ചിത്രത്തിന്റെ പോസ്റ്റര് കത്തിക്കുന്നു

നേരത്തെ പത്മാവതി റിലീസ് ചെയ്യാനിരുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. രജപുത്ര കര്‍ണിസേന, വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍ തുടങ്ങി നിരവധി സംഘടനകളാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയത്. പിന്നീട് ബിജെപിയും പ്രതിഷേധം ഏറ്റെടുത്തു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സര്‍വ്വ ബ്രാഹ്മണ മഹാസഭ രക്തം കൊണ്ട് ഒപ്പിട്ട പരാതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് അയച്ചിരുന്നു.

പ്രതിഷേധം ഒടുവില്‍ ചെന്നെത്തിയത് ദീപികയ്ക്ക് നേരെയായിരുന്നു. ഇന്ത്യയുടെ സംസ്‌കാരവും നിയമങ്ങളും തെറ്റിച്ചതിന് ലക്ഷ്മണന്‍ ശൂര്‍പ്പണകയോട് ചെയ്തതുപോലെ ദീപികയോടും ചെയ്യേണ്ടിവരുമെന്നായിരുന്നു കര്‍ണിസേന പ്രവര്‍ത്തകരുടെ ഭീഷണി. കൂടാതെ സംവിധായകന്റെയും ദീപികയുടെയും തലവെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ പ്രഖ്യാപിച്ച് ക്ഷത്രിയ മഹാസമാജം രംഗത്തെത്തിയതും സ്ഥിതി കൂടുതല്‍ വഷളാക്കി.

കഴിഞ്ഞ ദിവസം ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് ജനവികാരം കണക്കിലെടുക്കണമെന്ന് കാട്ടി ഉത്തര്‍പ്രദശ് സര്‍ക്കാരിന് പിന്നാലെ രാജസ്ഥാന്‍ സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചിരുന്നു. ആരുടെയെങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിക്കും റാണി പത്മിനിക്കും ഇടയില്‍ തെറ്റായ ഒരു രംഗവും ചിത്രത്തിലില്ലെന്ന്  നേരത്തെ ബന്‍സാലി വ്യക്തമാക്കിയിരുന്നു.

DONT MISS
Top