“മാനുഷി ഛില്ലറുടെ നേട്ടത്തിന് പിന്നില്‍ ‘ബേട്ടി ബച്ചാവോ’ ക്യാമ്പയിന്‍”, ലോകസുന്ദരിപ്പട്ടത്തിലും അവകാശവാദമുന്നയിച്ച് ബിജെപി മന്ത്രി

മാനുഷി ഛില്ലാര്‍, കവിതാ ജയിന്‍

ചണ്ഡീഗഡ്: മാനുഷി ഛില്ലര്‍ ലോകസുന്ദരി പട്ടം സ്വന്തമാക്കിയത് സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്‍ മൂലമാണെന്ന വാദവുമായി ബിജെപി വനിത നേതാവ് രംഗത്ത്. ഹരിയാനയിലെ വനിത ശിശുക്ഷേമ മന്ത്രി കവിതാ ജയിനാണ് മാനുഷിയുടെ വിജയം പദ്ധതിയിലൂടെയാണെന്ന അവകാശവാദവുമായി മുന്നോട്ടുവന്നത്.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണ് മാനുഷിയുടെ വിജയമെന്നും, സംസ്ഥാനത്ത് മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കവിത ജെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കമുള്ള മന്ത്രിമാരും മാനുഷിയുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമാണ് മാനുഷിയെന്നായിരുന്നു ഖട്ടര്‍ അഭിപ്രായപ്പെട്ടത്.

ഹരിയാനയിലെ ബംനോലി സ്വദേശിയാണ് 21 കാരിയായ മാനുഷി. പതിനേഴ് വര്‍ഷത്തിനുശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപട്ടമെത്തുന്നത്. 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാനുഷി ലോകസുന്ദരിപ്പട്ടമണിഞ്ഞത്. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

നേരത്തെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ത്തവ ശുചിത്വത്തേപ്പറ്റിയുള്ള ബോധവത്കരണത്തിനായി 20 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അയ്യായിരത്തിലേറെ സ്ത്രീകളുടെ ജീവിതം ഇവര്‍ കൂടുതല്‍ മികവുറ്റതാക്കി. റീത്ത ഫരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്താ മുഖി, പ്രിയങ്കാ ചോപ്ര എന്നിവരാണ് നേരത്തേ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തിച്ചത്.

DONT MISS
Top