ശബരിമലയില്‍ ആചാരലംഘനം നടത്തി; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വനിതാ ചീഫ് എഞ്ചിനീയര്‍ക്കെതിരെ വ്യാജപ്രചാരണം

ആരോഗ്യമന്ത്രി ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

പത്തനംതിട്ട: ശബരിമലയില്‍ റെക്കാര്‍ഡ് വേഗത്തില്‍ ആശുപത്രി കെട്ടിടം പണിയാന്‍ നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. മന്ത്രി കെകെ ശൈലജയ്‌ക്കൊപ്പമെത്തി ഉദ്യോഗസ്ഥ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എഞ്ചിനീയറായ സിജെ അനില ആചാരലംഘനം നടത്തിയെന്നാണ് പ്രചാരണം. ഇതിനെ തുടര്‍ന്ന് സിജെ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന്റെ പിന്നില്‍ സിജെ അനില എന്ന എഞ്ചിനീയറുടെ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. ആശുപത്രി ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെകെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എഞ്ചിനീയറായ സിജെ അനില അടക്കമുള്ള ഉദ്യോഗസ്ഥസംഘം അനുഗമിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. 50 വയസ്സ് പിന്നിടാത്ത അനില ആചാരലംഘനം നടത്തിയെന്നാണ് ആരോപണം.

സംഭവത്തില്‍ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്ക് 51 വയസ്സുണ്ട്. അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായും മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനും അനില സന്നിധാനത്ത് എത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ പരിപാടിക്ക് വളരെ മുന്‍പെത്തിയ അനില സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാവിലെ തന്നെ സന്നിധാനത്ത് ദര്‍ശനം നടത്തിയിരുന്നു.

DONT MISS
Top