നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി, കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ 300 ലധികം സാക്ഷികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് അടക്കം 11 പ്രതികളുണ്ടാകും. കേസില്‍ 425 ഓളം രേഖകളും അന്വേഷണ സംഘം സമര്‍പ്പിക്കുന്നുണ്ട്.

മുന്‍പ് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനാല്‍ അന്വേഷണ സംഘം ആ തീരുമാനം മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കുന്നത്.

അതേസമയം ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കഴിഞ്ഞ ദിവസം  ദിലീപ് ഹൈക്കോടതിയില്‍  ഹര്‍ജി നല്‍കിയിരുന്നു. വിദേശത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെ പൊലീസ് കോടതിയില്‍ എതിര്‍ക്കുമെന്നാണ് വിവരം.

തന്റെ പുതിയ ബിസിനസ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ഉപാധികളോടെയായിരുന്നു ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.

കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദിലീപിനെ വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത് എന്നാണ് വിവരം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തിരുന്നു.

DONT MISS
Top