പശുവിനെ ചികിത്സിക്കാന്‍ കൊണ്ടുപോകണം; ട്രക്ക് ഡ്രൈവര്‍മാര്‍ തയാറാകുന്നില്ല; ഗോരക്ഷകര്‍ അഴിഞ്ഞാടുന്ന ഉത്തര്‍പ്രദേശിലെ ദുരവസ്ഥ വിവരിച്ച് യുവതി

മീററ്റ്: പശുവിനെ ചികിത്സിക്കാന്‍ 200 കിലോമീറ്ററിലേറെ യാത്ര ചെയ്യണമെന്നും ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ പശുവിനെയ കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവറെ സംരക്ഷിക്കണമെന്നും യുവതിയുടെ ആവശ്യം. ഉത്തര്‍ പ്രദേശുകാരിയായ ജ്യോതിക്ക് തളര്‍ന്നുകിടക്കുന്ന അവരുടെ പശുവിനെ ബറേലിയിലെ ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിക്കാനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പശുവുമായി പൊകുവാന്‍ ലോറി ഡ്രൈവര്‍മാര്‍ തയാറാകുന്നില്ല. ഗോസംരക്ഷകര്‍ അടിച്ചുകൊല്ലുമെന്നാണ് ഡ്രൈവര്‍മാരുടെ ഭയം. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി, ആര്‍എസ്എസ് എന്നിവരുടെ പ്രാദേശിക നേതൃത്വത്തോട് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്ന് അവര്‍ക്കറിയാം. അതിനാല്‍ ദേശീയ നേതൃത്വത്തോടാണ് ജ്യോതി പരാതി ഉന്നയിച്ചിരിക്കുന്നത്.

നവംബര്‍ 13 മുതല്‍ പ്രധാന മന്തി മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, സ്മൃതി ഇറാനി, അമിത് ഷാ എന്നിവര്‍ക്കാണ് ജ്യോതി പരാതി അയച്ചത്. എന്നാല്‍ ഒരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. ബംഗളുരുവിലെ ജോലിയില്‍നിന്ന് അവധിയെടുത്താണ് ജ്യോതി ഉത്തര്‍പ്രദേശിലുള്ള ലാല മുഹമ്മദ്പൂര്‍ എന്ന തന്റെ ഗ്രാമത്തില്‍ അവര്‍ എത്തിയത്.

മോനി എന്നുപേരായ ജ്യോതിയുടെ പശു കഴിഞ്ഞമാസം അവസാനമാണ് തളര്‍ന്നുവീണത്. ആദ്യം അടുത്തുള്ള വെറ്റിനറി ഡോക്ടറെ കാണിച്ചുവെങ്കിലും പിറ്റേന്ന് അല്‍പം നില മെച്ചപ്പെട്ടുവെന്നല്ലാതെ വ്യത്യാസമുണ്ടായില്ല. പിന്നെ അവസ്ഥ കൂടുതല്‍ വഷളായി. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് ബറേലിയില്‍ കൊണ്ടുപോകേണ്ടത്. എന്നാല്‍ ഇതിന് ഇടങ്കോലിടുകയാണ് ഗോരക്ഷാ സേനകള്‍. ജീവനില്‍ ഭയമുളള ആരും പശുവിനേയും കൊണ്ട് ലോറിയില്‍ സഞ്ചരിക്കാന്‍ തയാറാകുന്നില്ല.

മോദി സര്‍ക്കാറിന് കീഴിലുള്ള ജനാധിപത്യത്തില്‍ ഇന്ത്യക്കാര്‍ സംതൃപ്തരാണ് എന്ന മോദിയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 200ല്‍ ഏറെ ട്വീറ്റുകളും മെയിലുകളും അവര്‍ അദ്ദേഹത്തിന് അയച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ പൊലീസ് പോലും തയാറാകുന്നില്ലെന്നും അവര്‍ പറയുന്നു. യുപി ട്രക്ക് ഓപ്പറേറ്റേഴ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോട്ടേഴ്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റ് അരുണ്‍ അവസ്ഥി പറയുന്നത് എല്ലാ ഡ്രൈവര്‍മാര്‍ക്കും ഭയമുണ്ടെന്നും സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നുമായിരുന്നു. യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തെ നിയമ സംവിധാനങ്ങളുടെ തുറന്നുകാട്ടലാവുകയാണ് പുറത്തുവന്നിരിക്കുന്ന വാര്‍ത്ത.

DONT MISS
Top