നിലവിലെ വാഹനങ്ങളെ പഴഞ്ചനാക്കാനുറച്ച് ടെസ്‌ല; അതിശയിപ്പിക്കുന്ന മികവില്‍ പുത്തന്‍ മോഡലുകള്‍

പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്ന എലോണ്‍ മസ്‌ക്

വിപ്ലവം സൃഷ്ടിക്കാനുറച്ചാണ് ടെസ്ല ഓരോ നീക്കവും നടത്താറുള്ളത്. അതിശയകരമായ മികവാണ് ഓരോ ടെസ്‌ല കാറും നിരത്തില്‍ പ്രകടിപ്പിക്കുന്നതും. ഇലക്ട്രിക് കാറുകളില്‍ ആര്‍ക്കും നേടാനാകാത്ത മുന്നേറ്റങ്ങള്‍ നടത്താനും കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇലക്ട്രിക് ട്രക്കും ഇലക്ട്രിക് സ്‌പോട്‌സ് കാറും പുറത്തിറക്കി ഇവര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കമ്പനി സ്ഥാപകന്‍ എലോണ്‍ മസ്‌കാണ് പുതിയ മോഡലുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

വെറും 2 സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ ഈ കാറിന് സാധിക്കുമെന്ന് പറയുമ്പോള്‍ത്തന്നെ ഏതൊരു വാഹന പ്രേമിയും ഒന്ന് ഞെട്ടും. കാരണം പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന കാറുകള്‍ക്കുപോലും സാധിക്കാത്ത ഒരു നേട്ടമാണിത്. മണിക്കൂറില്‍ 400 കിലോമീറ്ററാകും പരമാവധി വേഗത. 1.6 കോടിയാണ് വിലയെങ്കിലും പിന്നീട് അത് 1.3 കോടിയായി കുറയുമെന്നും കമ്പനി വ്യക്തമാക്കി. മറ്റേത് സ്‌പോട്‌സ് കാറിനേക്കാളും വിലക്കുറവാണിത്. 1000 കാറുകള്‍ മാത്രമാകും ആദ്യഘട്ടത്തില്‍ ഇറക്കുക. രണ്ടുവര്‍ഷം കൊണ്ടേ വ്യാവസായികമായി വിപണനം ചെയ്യാനുതകുന്ന രീതിയില്‍ ഉത്പാദനം ആരംഭിക്കൂ.

ഇലക്ട്രിക് ട്രക്കും കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു. അഞ്ച് സെക്കന്റുകള്‍കൊണ്ട് 100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ ഈ ട്രക്കിന് സാധിക്കും. 36288 കിലോ ഭാരം വഹിച്ച് 100 കിലോമീറ്റര്‍ വേഗതയില്‍ തുടര്‍ച്ചയായി 800 കിലോമീറ്ററുകള്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. നിരനിരയായി ട്രക്കുകള്‍ കൊണ്ടുപോകാന്‍ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യയും ട്രക്കുകളിലുണ്ട്. നിരവധി ട്രക്കുകള്‍ നിരയായി കൊണ്ടുപോകുമ്പോള്‍ മുന്നിലുള്ള ട്രക്കില്‍ മാത്രം മതിയാകും ഡ്രൈവര്‍.

DONT MISS
Top