മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി ലംബോര്‍ഗിനി; ലേലം ചെയ്ത് നിരാലംബരായ ഇറാഖി ജനതയ്ക്ക് പണം നല്‍കാനൊരുങ്ങി പോപ് ഫ്രാന്‍സിസ്

പോപ്പ് ഫ്രാന്‍സിസ് തനിക്ക് ലഭിച്ച കാറിനോടൊപ്പം

കഴുതപ്പുറത്ത് സഞ്ചരിച്ച് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഒരു മനുഷ്യന്റെ ജീവിതം മുന്‍നിര്‍ത്തി കോടിക്കണക്കിന് രൂപയുടെ പള്ളിയും പള്ളിമേടയും പണിത് അത്യാഢംബര കാറില്‍ മാത്രം സഞ്ചരിക്കുന്ന ക്രിസ്ത്യന്‍ മത മേലാളന്മാര്‍ക്ക് സാക്ഷാല്‍ മാര്‍പ്പാപ്പയുടെ വക ഒരു നല്ല മാതൃക. ലംബോര്‍ഗിനി കമ്പനി സമ്മാനമായി നല്‍കിയ തങ്ങളുടെ പുതിയ കാര്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് പോപ്പ്. ഐഎസ് വിതച്ച ദുരിതം പേറുന്ന ഇറാഖലെ ജനതയുടെ ഉന്നമനത്തിനാണ് ആ പണം നീക്കിവയ്ക്കുക.

സ്വര്‍ണം കൊണ്ടുള്ള ചായം കൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത് പ്രത്യേകമായി നിര്‍മിച്ച വെളുത്ത ഹ്യുറാകാനാണ് പോപ്പിന് ലഭിച്ചത്. രണ്ട് കോടിയിലേറെ വില വരും ഈ കാറിന്. പോപ്പിന്റെ വസതിയുടെ മുന്നില്‍ ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തിയാണ് കാര്‍ സമ്മാനിച്ചത്. കാറിന് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച പോപ്പ് ബോണറ്റില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പിന്നീടാണ് ഇത് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യം പോപ്പ് അറിയിച്ചത്. നേരത്തേയും അദ്ദേഹം ഇതുപോലെ സമ്മാനമായി ലഭിച്ച ആഢംബര വസ്തുക്കള്‍ വിറ്റ് പണം ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അടുത്തവര്‍ഷമാദ്യം പുതിയ ലംബോര്‍ഗനിയുടെ ലേലവും നടക്കും.

മുമ്പും വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭയെ ഞെട്ടിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. കളിമണ്ണ്‌കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. “ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്”, ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബിഗ് ബാംഗ് തിയറി ശരിവച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം.

പിന്നീട് കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം സഭകള്‍ക്ക് നല്‍കി. എന്നാല്‍ സീറോ മലബാര്‍ ഉള്‍പ്പെടെയുള്ള ചില സഭകള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന് പുല്ലുവിലയാണ് നല്‍കിയത്.

കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ മാര്‍പ്പാപ്പ പരസ്യമായി തള്ളിപ്പറഞ്ഞു. മുതലാളിത്തം മാനവരാശിക്ക് നേരെയുള്ള തീവ്രവാദമാണെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ലോക സാമ്പത്തികരാഷ്ട്രീയ രംഗത്ത് വഴിത്തിരിവാകാവുന്ന പരാമര്‍ശമായാണ് ഇതിനെ വിലയിരുത്തിപ്പോരുന്നത്. സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായങ്ങള്‍ ഇതിനകം തന്നെ എഴുതിച്ചേര്‍ത്ത ഫ്രാന്‍സിസ് പാപ്പയുടെ ഈ പരാമര്‍ശം പക്ഷേ അദ്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്.

മധ്യേഷ്യയിലേയും യൂറോപ്പിലേയും യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മാര്‍പ്പാപ്പ മുതലാളിത്ത ത്തിനും പണത്തിനോടുള്ള ആര്‍ത്തിക്കെതിരെയും നീങ്ങിയത്. ‘പണമെന്ന ദൈവ’മാണ് ഈ അക്രമത്തിന് കാരണം. ആഗോളതലത്തിലെ ഈ സാമ്പത്തിക ക്രമമാണ് എല്ലാ അതിക്രമങ്ങള്‍ക്കും മൂല കാരണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇപ്പോള്‍ പോപ്പിന് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്‌ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. ആഢംബര എസ്‌യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്.

ലംബോര്‍ഗിനി വെനനോ

DONT MISS
Top