ജിഷ്ണുകേസില്‍ സിബിഐ അന്വേഷണം: തീരുമാനം സുപിംകോടതി മാറ്റി വച്ചു

ജിഷ്ണു പ്രണോയ്, സുപ്രിംകോടതി

ദില്ലി: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സുപ്രിംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി കോടതി ഉത്തരവിടണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കേസ് സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.  ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍കാര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെയും സുപ്രിം കോടതി അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് എന്തെന്ന് സിബിഐയോട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടാനുണ്ടായ സാഹചര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

കേസ് ഏറ്റെടുക്കാനാകില്ലെന്ന് ഈ മാസം ഒന്‍പതിനാണ് സുപ്രിംകോടതിയെ സിബിഐ അറിയിച്ചത്.ജോലിഭാരം കൂടുതലാണെന്നും കേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സുപ്രിം കോടതി ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്‍കാന്‍ നേരത്തെ സമയം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിബിഐയോട് കോടതി ചോദിച്ചിരുന്നു.അത് എഎസ്ജി പറഞ്ഞത് പ്രകാരമാണെന്നും സിബിഐ നിര്‍ദേശ പ്രകാരം അല്ലെന്നുമായിരുന്നു ഇതിനുള്ള സിബിഐ അഭിഭാഷകന്റെ മറുപടി.

ലക്കിടി നെഹ്‌റു കോളജിലെ നിയമവിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചകേസില്‍ കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍  കൃഷ്ണദാസിനും ജിഷ്ണുക്കേസില്‍ പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേലിനും ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

ഷഹീര്‍ ഷൗക്കത്തലി കേസിലെ പ്രതി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.  കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റ ആവശ്യം തള്ളിയ കോടതി ജാമ്യം തുടരുമെന്നും വ്യക്തമാക്കി. നേരത്തെ സുപ്രിം കോടതിയാണ് കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്.

ഷഹീര്‍ ഷൗക്കത്ത് അലി കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ ഓഗസ്റ്റ് മാസമാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഇളവ് ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് കൃഷ്ണദാസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എന്നും അന്വേഷണവുമായി സഹകരിച്ചതായും കൃഷ്ണദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഈ ഘട്ടത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൃഷ്ണദാസിനെ കാട്ടിലേക്കല്ല അയച്ചതെന്നും കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കാണ് അയച്ചതെന്നും ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top