ഗുജറാത്തില്‍ ബിജെപിയുടെ 70 അംഗ ആദ്യസ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് വിമതരും

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും (ഫയല്‍ചിത്രം)

അഹമ്മദാബാദ്: ഡിസംബറില്‍ രണ്ട് ഘട്ടമായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടസ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പുറത്തിറക്കി. കോണ്‍ഗ്രസ് വിമതര്‍ക്കും പട്ടിദാര്‍ നേതാക്കള്‍ക്കും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി  അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് 70 പേരുടെ പട്ടിക പാര്‍ട്ടി പുറത്തിറങ്ങിയത്. ഡി­സം­ബര്‍ ഒന്‍­പത്, 14 തി­യ­തി­ക­ളി­ലാ­ണ് സം­സ്ഥാന­ത്ത് തെ­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കു­ന്നത്.  ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 45 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഈ പട്ടികയില്‍ ഉണ്ട്.

മുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ട് വെസ്റ്റില്‍ നിന്ന് ജനവിധി തേടും. ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേല്‍ മെഹ്സാനയില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിതുഭായ് വാഹനി ഭാവനഗര്‍ വെസ്റ്റില്‍ നി­ന്നാ­ണ് ജ­ന­വി­ധി തേ­ടു­ന്നത്.

കോണ്‍ഗ്രസ് വിട്ടുവന്ന നാലു പേര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നല്‍കിയിട്ടുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം കൂടിയ നാലുപേരാണ് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചത്.

ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയ സമുദായ, സാമൂഹ്യ നേതാക്കളെ ഒപ്പം കൂട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തെ പ്രതിരോധിക്കാന്‍ പട്ടേല്‍ വിഭാഗത്തിലെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നീക്കി വയ്ക്കാനാണ്‌ ബിജെപിയുടെ പരിപാടി. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിജെപി ഇതിനുള്ള സൂചനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപിക്ക് സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേല്‍ വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

ഡിസംബര്‍ 18 ന് ഹിമാചല്‍ പ്രദേശിലെ നിയമസഭാതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനൊപ്പമാണ് ഗുജറാത്തിലെയും വോട്ടെണ്ണല്‍.

DONT MISS
Top