അമേരിക്കയില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യു കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തമ്മയും അറസ്റ്റില്‍

സിനി മാത്യു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച് പോയതടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യു നേരത്തെ അറസ്റ്റിലായിരുന്നു.

സിനിയുടെയും വെസ്‌ലിയുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സിനിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയതായി കണ്ടെത്തുകയായിരുന്നു. ഷെറിനെ കാണാതാകുന്നതിന് തലേദിവസം ദമ്പതികള്‍ കുട്ടിയെ വീട്ടില്‍ തനിച്ചാക്കി സ്വന്തം മകളോടൊപ്പം പുറത്തേക്ക് പോകുകയും ഷെറിന് ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തു. സംസാരത്തിനും കേള്‍വിക്കും വൈകല്യം ഉണ്ടായിരുന്ന ഷെറിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നതില്‍ ദമ്പതികള്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ കാണാതാകുന്നതിന് തലേദിവസം വെസ്‌ലിയും സിനിയും പുറത്തുപോയപ്പോള്‍ ഷെറിന്‍ കൂടെ ഉണ്ടായിരുന്നില്ല എന്ന് ഇരുവരുടെയും ഫോണ്‍ വിവരങ്ങള്‍ പരിശേധിച്ചതില്‍ നിന്ന് വ്യക്തമായിരുന്നു. കൂടാതെ ഹോട്ടല്‍ വെയിറ്റര്‍മാരുടെ മൊഴിയും കണ്ടെത്തല്‍ ശരിവെയ്ക്കുന്നതാണ്. കുട്ടിയെ സിനി മന:പൂര്‍വ്വം വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഷെറിന് പലപ്പോഴും ദേഹോപദ്രവം ഏല്‍ക്കേണ്ടി വന്നതായും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം വീടിനടുത്തെ കലുങ്കില്‍ നിന്നാണ് കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ വെസ്‌ലി അറസ്റ്റിലാകുകയും ചെയ്തു. പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീടാണ് നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെസ്‌ലി വെളിപ്പെടുത്തിയത്. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്‌ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുക്കുന്നത്.

DONT MISS
Top