ശബരിമല സീസണ്‍ തുടങ്ങിയിട്ടും കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് അവഗണനയില്‍

ഫയല്‍ ചിത്രം

കോട്ടയം: ശബരിമലയ്‌ക്കെത്താന്‍ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് അവഗണനയുടെ പടുകുഴിയില്‍. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടും പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള അവകാശവടംവലികളാണ് യാത്രക്കാരെ ദുരിതക്കയത്തിലാക്കുന്ന അനാസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം.

മധ്യകേരളത്തില്‍ നിന്നു മലബാറിലേക്കും തെക്കന്‍ കേരളത്തിലേക്കുമുള്ള പ്രധാന യാത്രാമാര്‍ഗമായ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകളടക്കം നൂറുകണക്കിന് ട്രിപ്പുകളാണ് ദിവസേന പുറപ്പെടുന്നത്. ശബരിമല സീസണായതോടെ 80 ലധികം സ്‌പെഷ്യല്‍ സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്. പക്ഷേ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇവിടെയെത്തുന്ന യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളോ ഉപയോഗിക്കാന്‍ കഴിയുന്ന ശുചിമുറികളോ ഇവിടെയില്ല. പൊട്ടിപ്പൊളിഞ്ഞ് ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് വര്‍ഷങ്ങളായി ബസ് സ്റ്റാന്റ് സമുച്ചയത്തിന്റെ പ്രവര്‍ത്തനം. അയ്യപ്പഭക്തരില്‍ പലരും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്ന ബസ് സ്റ്റാന്റിലാണ് ഈ അനാസ്ഥ നാളുകളായി തുടരുന്നത്.

ബസ് സ്റ്റാന്റ് പുതുക്കി നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള അവകാശ തര്‍ക്കങ്ങളും വടംവലികളുമാണ് അനാസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്. അതേസമയം, മൈനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള അനുമതികള്‍ ലഭിക്കാത്തതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം.

DONT MISS
Top