ജിഷ്ണു കേസ്: സിബിഐ അന്വേഷണത്തില്‍ സുപ്രിം കോടതി തീരുമാനം ഇന്ന്

ജിഷ്ണു പ്രണോയ്

ദില്ലി: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സുപ്രിം കോടതി ഇന്ന് തീരുമാനം പറഞ്ഞേക്കും. കേസില്‍ സിബിഐ അന്വേഷണം നിര്‍ദേശിച്ചുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറി കോടതി ഉത്തരവിടണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍കാര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെയും സുപ്രിം കോടതി അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് എന്തെന്ന് സിബിഐയോട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടാനുണ്ടായ സാഹചര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

കേസ് ഏറ്റെടുക്കാനാകില്ലെന്ന് ഈ മാസം ഒന്‍പതിന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ജോലിഭാരം കൂടുതലാണെന്നും കേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സുപ്രിം കോടതി ഇതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്‍കാന്‍ നേരത്തെ സമയം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിബിഐയോട് കോടതി ചോദിച്ചു. അത് എഎസ്ജി പറഞ്ഞത് പ്രകാരമാണെന്നും സിബിഐ നിര്‍ദേശ പ്രകാരം അല്ലെന്നുമായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി.

DONT MISS
Top