കൃഷ്ണദാസിന് ജാമ്യത്തില്‍ ഇളവില്ല; കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രിം കോടതി

പി. കൃഷ്ണദാസ്

ദില്ലി: ഷഹീര്‍ ഷൗക്കത്തലി കേസിലെ പ്രതി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന കൃഷ്ണദാസിന്റ ആവശ്യം തള്ളിയ കോടതി ജാമ്യം തുടരുമെന്നും വ്യക്തമാക്കി. നേരത്തെ സുപ്രിം കോടതിയാണ് കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കരുതെന്ന കര്‍ശന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്. ഇതിനിടെ ജിഷ്ണു പ്രണോയ് കേസ് എന്തുകൊണ്ട് സിബിഐയ്ക്ക് കൈമാറി എന്ന് വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ല എന്നതുള്‍പ്പെടെ ജിഷ്ണു കേസില്‍ പ്രോസിക്യൂഷനെതിരെ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ കോടതി നീക്കംചെയ്തു.

ഷഹീര്‍ ഷൗക്കത്ത് അലി കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ ഓഗസ്റ്റ് മാസമാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഇളവ് ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് കൃഷ്ണദാസിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എന്നും അന്വേഷണവുമായി സഹകരിച്ചതായും കൃഷ്ണദാസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഈ ഘട്ടത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൃഷ്ണദാസിനെ കാട്ടിലേക്കല്ല അയച്ചതെന്നും കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കാണ് അയച്ചതെന്നും ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. ജിഷ്ണു പ്രണോയ് കേസിന്റെ അന്വേഷണം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സിബിഐയെയും കോടതി പരോക്ഷമായി വിമര്‍ശിച്ചു. വളരെ ഗൗരമല്ലാത്ത ഏതെങ്കിലും കേസ് സിബിഐയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറുമോയെന്ന് കോടതി ആരാഞ്ഞു. ജിഷ്ണു പ്രണോയ് കേസ് എന്ത് കൊണ്ട് സിബിഐയ്ക്ക്‌ഐയ്ക്ക് കൈമാറി എന്ന് വിശദീകരിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

DONT MISS
Top