രാജീവ്ഗാന്ധി വധം; പ്രതികള്‍ക്കുള്ള ശിക്ഷ ഇളവില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ജസ്റ്റിസ് കെടി തോമസിന്റ കത്ത്

പേരറിവാളന്‍

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ശിക്ഷ വിധിച്ച സുപ്രിം കോടതി മുന്‍ ജഡ്ജി  കെടി തോമസ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചു. സോണിയ ഗാന്ധി ഈ വിഷയത്തില്‍ ഉദാരമനസ്‌കത കാണിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാഷ്ട്രപതിക്ക് കത്ത് അയച്ചാല്‍ രാജീവ് ഗാന്ധി കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് ലഭിച്ചേക്കാമെന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 18നാണ് കെടി തോമസ് സോണിയ ഗാന്ധിയ്ക്ക് കത്തയക്കുന്നത്.

2014 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജീവ് ഗാന്ധി വധകേസിലെ സിബിഐ അന്വേഷണത്തില്‍ വലിയ പിശകുകള്‍ ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് തോമസ് ചൂണ്ടിക്കാട്ടുന്നു.

മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന കേസില്‍ ശിക്ഷിക്കപ്പെട്ട നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയെ 1964 ല്‍ കേന്ദ്ര സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കിയ കാര്യവും ജസ്റ്റിസ് തോമസ്, സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മെയ് 11, 1999 ല്‍ ജസ്റ്റിസ് കെടി തോമസ്, ഡി പി വാധ്വ, എസ് എം ക്വാദ്രി എന്നിവര്‍ അടങ്ങിയ സുപ്രിം കോടതി ബെഞ്ചാണ് രാജീവ് ഗാന്ധി വധകേസിലെ മുരുകന്‍ ഏലിയാസ്, ശ്രീഹരന്‍, നളിനി, പേരറിവാളന്‍ എന്നീ നാലു പ്രതികളുടെ വധശിക്ഷയും മറ്റ് മൂന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷയും ശരി വച്ചത്.

DONT MISS
Top