എതിര്‍പ്പുകള്‍ക്ക് പുല്ലുവില; മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു

ഗോഡ്‌സെയുടെ പ്രതിമയ്ക്കരികില്‍ പ്രവര്‍ത്തകര്‍

ഗ്വാളിയോര്‍: ശക്തമായ എതിര്‍പ്പുകള്‍ക്ക് പിന്നാലെ മധ്യപ്രദേശില്‍ ഹിന്ദു മഹാസഭ ഗാന്ധിഘാതകന്‍ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു. നവംബര്‍ 15 ന് ഗോഡ്‌സെയുടെ 68-ാമത് ചരമദിനത്തിലാണ് ഗ്വാളിയോറിലെ ഓഫീസില്‍ ഹിന്ദു മഹാസഭ പ്രതിമ സ്ഥാപിച്ച് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍ ഭൂമി നല്‍കാഞ്ഞതിനെ തുടര്‍ന്ന് സ്വന്തം ഭൂമിയിലാണ് മഹാസഭ പ്രതിമ നിര്‍മിച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ ഘാതകനും തീവ്ര ഹിന്ദുത്വവാദിയുമായ ഗോഡ്‌സെയ്ക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ഹിന്ദു മഹാസഭ നേരത്തെ ഭൂമി ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയില്ല. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ തുടക്കം മുതല്‍ തന്നെ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞാണ്ഇപ്പോള്‍ മഹാസഭ തങ്ങളുടെ നേതാവിന് പ്രതിമ ഒരുക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഭൂമി നല്‍കിയില്ല, അതുകൊണ്ടാണ് ഞങ്ങളുടെ സ്ഥലത്ത് തന്നെ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചത്,’ ഹിന്ദു മഹാസഭ നേതാവ് വിപി നാരായണന്‍ ശര്‍മ്മ പറഞ്ഞു. ‘ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത് സ്വാതന്ത്ര്യ സമരത്തെയും അതിന് വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്നവരെയും കുറിച്ച് പുതുതലമുറയെ ബോധവത്ക്കരിക്കുന്നതിനും വേണ്ടിയാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ചരിത്രത്തെക്കുറിച്ച് ബോധ്യമില്ല.’ ക്ഷേത്രനിര്‍മ്മാണത്തെ ന്യായീകരിച്ചുകൊണ്ട് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

‘1947ല്‍ ബ്രിട്ടീഷുകാര്‍ ഗാന്ധിജിയോട് പറഞ്ഞതാണ് അവര്‍ ഇന്ത്യ വിട്ട് പോകുമെന്ന്. എന്നാല്‍ അപ്പോഴാണ് വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അഖില ഹിന്ദു മഹാസഭ അതിനെ എതിര്‍ത്തു. മുഹമ്മദലി ജിന്നയ്ക്കും ജവഹര്‍ലാല്‍ നെഹ്‌റുവിനും പ്രധാനമന്ത്രിയാകണമായിരുന്നു. ഗാന്ധിജി ആദ്യം ഇന്ത്യ-പാകിസ്താന്‍ വിഭജനത്തെ എതിര്‍ത്തെങ്കിലും പിന്നീട് അതിനോടൊപ്പം പോയി. വിഭജനത്തിന്റെ സമയത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളാണ് കൊല്ലപ്പെട്ടത്. എന്നിട്ട് മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചു. അത് കണ്ടുനില്‍ക്കാന്‍ ഹിന്ദുനേതാവായ ഗോഡ്‌സെയ്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഗാന്ധിജിയെ വധിച്ചത്,’ ശര്‍മ്മ പറയുന്നു. പ്രതിമ സ്ഥാപിച്ചത് ഹിന്ദു മഹാസഭയുടെ സ്വകാര്യ സ്ഥലത്താണെന്നും അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്ക് അതിനെ എതിര്‍ക്കാനോ തൊടാനോ കഴിയില്ലെന്നും ശര്‍മ്മ വ്യക്തമാക്കി.

DONT MISS
Top