വമ്പന്‍ റിലീസിന് തയ്യാറെടുത്ത് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ്; ചിത്രം ജനുവരി 26ന് തിയേറ്ററുകളില്‍

‘സ്ട്രീറ്റ് ലൈറ്റ്സ്’ പോസ്റ്റര്‍

അമിതാരവങ്ങളില്ലാതെയാണ് മമ്മൂട്ടി-ശ്യാംദത്ത് ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. അതുപോലെ തന്നെയായിരുന്നു ചിത്രീകരണവും നടന്നത്. എന്നാല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നല്‍കിയ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നതാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലായി വരുന്ന ജനുവരി 26ന് വമ്പന്‍ റിലീസിനാണ് ചിത്രം ലക്ഷ്യമിടുന്നത്.

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴാണ് പലരും ചിത്രത്തെക്കുറിച്ച് അറിഞ്ഞത് തന്നെ. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്താന്‍ പോന്നതായിരുന്നു. മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഋതു, സീനിയേഴ്‌സ്, ഉത്തമവില്ലന്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ശ്യാംദത്ത് സൈനുദ്ധീന്റെ ആദ്യ സംവിധാന സംരഭമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. നവാഗതനായ ഫവാസ് മുഹമ്മദിന്റെതാണ് തിരക്കഥ. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.

ചിത്രത്തിന്റെ തമിഴ് പോസ്റ്റര്‍

ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോമോള്‍ ജോസ്, സോഹന്‍ സീനുലാല്‍, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, എന്നിവരാണ് മലയാളത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. റിപ്പബ്ലിക് ദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റാകുമെന്നാണ് പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

DONT MISS
Top