ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ രക്ഷിച്ചത് വളര്‍ത്തുനായ്ക്കള്‍; ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ കിടക്കുന്ന മുതലയെ

നാട്ടുകാര്‍ മുതലയെ പിടികൂടിയപ്പോള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നനാവു ഗ്രാമത്തില്‍ കര്‍ഷകനെ രക്ഷിച്ചത് വളര്‍ത്തുനായ്ക്കള്‍. കട്ടിലിനടിയില്‍ കിടന്ന മുതലയുടെ പിടിയില്‍ നിന്ന് അപ്രതീക്ഷിതമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. നായ്ക്കളുടെ കുരകേട്ട് ഉറക്കമുണര്‍ന്നപ്പോഴാണ് കര്‍ഷകനായ ഹര്‍പ്രസാദ് കട്ടിലിനടിയില്‍ കിടക്കുന്ന മുതലയെ കണ്ടത്.

ജോലി കഴിഞ്ഞ് വരാന്തയില്‍ ഉറങ്ങുകയായിരുന്ന പ്രസാദ് രാത്രി പന്ത്രണ്ട് മണിയോടെ വളര്‍ത്തു നായ്ക്കളുടെ കുരകേട്ടാണ് ഉണര്‍ന്നത്. കട്ടിലിനടിയിലേക്ക് നോക്കിയപ്പോഴാണ് അഞ്ചടി നീളമുള്ള മുതലയെ കണ്ടത്. ഉടനെ തന്നെ സമീപവാസികളെ വിവരമറിയിക്കുകയും സഹായം തേടുകയും ചെയ്തു. മുതലയെ വനപാലകരെത്തി വിട്ടയച്ചു.

‘ഞാന്‍ ടോര്‍ച്ച് തെളിച്ച് നോക്കി. അപ്പോള്‍ നായ്ക്കള്‍ കട്ടിലിനടിയിലേക്ക് നോക്കി കുരയ്ക്കുകയായിരുന്നു. ചുറ്റും നോക്കിയപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ കിടക്കുന്ന മുതലയെയാണ്. ഞാന്‍ വല്ലാതെ ഭയന്നു, പിന്നീട് അയല്‍വാസികളെ വിളിച്ചുകൂട്ടി. സ്ഥലത്തെത്തിയ നാട്ടുകാരാണ് മുതലയെ പിടിച്ചുകെട്ടിയതും വനപാലകരെ വിവരമറിയിച്ചതും.’ ഹര്‍പ്രസാദ് പറയുന്നു.

രാവിലെയോടെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തുകയും ഗ്രാമത്തില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ഹസാര കനാലില്‍ മുതലയെ അഴിച്ചുവിടുകയും ചെയ്തു. രണ്ട് വയസ്സ് പ്രായമായ മുതലയെയാണ് പിടികൂടിയതെന്ന് വനപാലകര്‍ വ്യക്തമാക്കി. കയര്‍ ഉപയോഗിച്ച് ബന്ധിച്ച മുതലയെ ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി വെള്ളത്തിലേക്ക് അഴിച്ചുവിട്ടു.

DONT MISS
Top