നമുക്കും ഉണ്ടായിരുന്നു ഒരു ബെര്‍ബെറ്റോവ്; പേര് ‘സേവ്യര്‍ പയസ് ‘


ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആരവങ്ങള്‍ ഉയരുമ്പോള്‍ മലയാളികള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ത്തുപോകുന്ന ചില പേരുകളുണ്ട്. സേവ്യര്‍ പയസ്, എന്‍എം നജീബ്, നജിമുദീന്‍, എംഎം ജേക്കബ്, സിസി ജേക്കബ്, ഡോ എന്‍എം ബഷീര്‍, സിഡിഫ്രാന്‍സിസ്, വില്യംസ്, പ്രസന്നന്‍, വിക്ടര്‍ മഞ്ഞില, ഷറഫലി, തോബിയാസ്, പാപ്പച്ചന്‍, ഐഎം വിജയന്‍, കുരികേശ് മാത്യു, കെടി ചാക്കോ എന്നിങ്ങനെ……

എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യന്‍ മൈതാനങ്ങളെ ഇളക്കിമറിച്ചവര്‍. ഇപ്പോള്‍ അവര്‍ കളിക്കളങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവരുടെ മൂല്യം…? ഓര്‍ക്കുമ്പോള്‍ കൗതുകമുണ്ട്. കോടികളുടെ കളിക്കാരാകുമായിരുന്നു അവര്‍. ഇപ്പോള്‍ നമ്മുടെ നാട്ടിലെത്തിയിരിക്കുന്ന വിദേശകളിക്കാര്‍ക്കൊപ്പമോ അവരേക്കാള്‍ അല്‍പം കൂടി ഉയരത്തിലോ നില്‍ക്കാന്‍ യോഗ്യതയുള്ളവരായിരുന്നു അവര്‍.

അക്കാലത്ത് ഗ്യാലറികളിലിരുന്ന് കളികണ്ടവരുടെ മനസില്‍ അവരുടെ കളിമിടുക്കുകള്‍ ഇപ്പോഴും ഒരു ചലച്ചിത്രത്തിലെന്നപോലെ വന്നു നിറയുന്നുണ്ടാകും. ആ കളിക്കാരെ വീണ്ടും നമ്മുടെ ഓര്‍മയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സമയം കൂടിയാണിത്. ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയിരിക്കുന്ന ബെര്‍ബെറ്റോവിനെക്കുറിച്ച് അഭിമാനിക്കുമ്പോള്‍ അതേ പൊസിഷനില്‍ കളിച്ചിരുന്ന സേവ്യര്‍ പയസിനെ നാം മറന്നു പോകരുത്. ഇംഗ്ലീഷ് ലീഗിലേക്കും ജര്‍മന്‍ ലീഗിലേക്കും ക്ഷണം ലഭിച്ച സേവ്യര്‍ പയസ്, അത് സ്വീകരിച്ചിരുന്നെങ്കില്‍ അവിടെ ബെര്‍ബെറ്റോവിന്റെ മുന്‍ഗാമിയാകുമായിരുന്നു.

കളിക്കളങ്ങളില്‍ തിരമാലകള്‍ ഉണര്‍ത്തിവിട്ട സ്ട്രൈക്കര്‍

ഇന്ത്യന്‍ ഫുട്‌ബോളില്‍, ഇപ്പോഴും സമാനതകളില്ലാത്തൊരു പേരാണ് സേവ്യര്‍ പയസിന്റേത്. കൊച്ചിക്കാരനായ ഈ സ്‌ട്രൈക്കര്‍ ബംഗാളിലെ കളിക്കളങ്ങളില്‍ ഉണര്‍ത്തിവിട്ട തിരമാലകള്‍ക്ക് ശമനമുണ്ടായിട്ടില്ല. മൂന്നു പതിറ്റാണ്ടിനുശേഷവും.

വേഗവും ബ്രസീലിയന്‍ ഇതിഹാസം ഗാരിഞ്ചയെ ഓര്‍മിപ്പിക്കുന്ന ഡ്രിബിളിംഗ് മികവും സന്ദര്‍ഭാനുസാരിയായ ട്രിക്കുകളും അനന്യമായ പാസിംഗ് സെന്‍സും സുന്ദരമായ ടച്ചുകളും വൈദ്യുതവേഗമുള്ള സ്‌കോറിംഗ് പാടവവും കൊണ്ട് പയസ് ബംഗാളിലെ കളിഭ്രാന്തന്‍മാരെ ഒരു ദശകത്തോളം ഭ്രമാത്മകമായൊരു മായികവലയത്തില്‍ അകപ്പെടുത്തി. ആറാം ഇന്ദ്രിയം കൊണ്ട് ഗ്രൗണ്ട് റീഡുചെയ്യുന്നവനെന്നൊരു വിശേഷണം കൂടി പരിശീലകര്‍ പയസിന് നല്‍കിയിട്ടുണ്ട്. ഒരു ഫുട്‌ബോള്‍ കളിക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉദാത്തമായ വിശേഷണം. കളിയുടെ സങ്കേതങ്ങളില്‍ (ടെക്‌നിക്) ഇത്രയും പൂര്‍ണത പുലര്‍ത്തിയ കളിക്കാര്‍ ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്നവര്‍ പോലുമില്ല.

കാലുകള്‍കൊണ്ട് മാത്രമായില്ല, കളി വിഭാവനം ചെയ്യാനുള്ള കഴിവും (വിഷന്‍) ബുദ്ധിയുടെ സൂക്ഷ്മ വിനിയോഗത്തിലൂടെ ആ ഭാവനയെ കളത്തില്‍ യാഥാര്‍ത്ഥ്യമാക്കുവാനുള്ള ശേഷിയുമാണ് ഒരാളെ അസാധാരണ കളിക്കാരനാക്കുന്നതെന്ന ലോകപ്രശസ്ത പരിശീലകന്‍ ഫെര്‍ഗൂസന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതായിരുന്നു പയസിന്റെ അശ്വമേധങ്ങള്‍. ഇന്ത്യയില്‍ നിന്ന് ലോക നിലവാരത്തിലേക്കുയര്‍ന്ന അപൂര്‍വം കളിക്കാരില്‍ ഒരാളെന്ന് പയസിനെ ധൈര്യമായി വിശേഷിപ്പിക്കാം. ബുള്‍ഡോസര്‍പോലെ പ്രതിരോധത്തെയാകെ ഞെരിച്ചമര്‍ത്തി മുന്നേറുന്ന സ്‌ട്രൈക്കര്‍മാരാണ് അധികവും. ആ പട്ടികയില്‍ പക്ഷേ പയസ് വരില്ല. പെലെ, മറഡോണ, മെസി-എന്നിവരുടെ ജനുസിലാണ് പയസ് ഉള്‍പ്പെടുക. ചലനം ചടുലമായാലും മന്ദമായാലും ലളിതവും താളാത്മകവുകവുമാകും. കാല്‍പന്തിന്റെ സൗന്ദര്യവും വെല്ലുവിളിയുമെന്തെന്ന് പയസിന്റെ ഓരോ ചലനവും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും.

1973-ല്‍, തന്റെ പത്തൊമ്പതാം വയസില്‍ സംസ്ഥാന സീനിയര്‍ ടീമിലെത്തിയ പയസ് 78 വരെ തുടര്‍ച്ചയായി ഏഴുവര്‍ഷം കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. തുടര്‍ന്ന് മൂന്നു വര്‍ഷം ബംഗാളിന് വേണ്ടിയും. 1975-ല്‍ ദേശീയ ടീമില്‍ ഇടംനേടിയ പയസ്, പരുക്കുകളുടെ ചെറിയ ഇടവേളകളൊഴിച്ചാല്‍ 83 വരെ ടീമില്‍ സ്ഥിരാംഗമായിരുന്നു. അതിനിടയില്‍ ജര്‍മന്‍ ലീഗിലേക്കും ഇംഗ്ലീഷ് ലീഗിലേക്കും ആകര്‍ഷകമായ വ്യവസ്ഥകളില്‍ ക്ഷണവുമുണ്ടായി. വ്യക്തിപരമായ കാരണങ്ങളാല്‍ അത് നിരസിക്കേണ്ടി വന്നു. മറഡോണ, വാന്‍ ബാസ്റ്റന്‍, ഗുള്ളിറ്റ്, ലോതര്‍ മത്തേവൂസ്, റൂഡി വോളര്‍, ക്ലിന്‍സ്മാന്‍, പ്ലാറ്റിനി മുതലായ ഇതിഹാസ താരങ്ങള്‍ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന കാലമായിരുന്നു അത്. ഓഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ സാങ്കേതികമായി യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാകുമായിരുന്നു പയസ്. (അവിഭക്ത ഇന്ത്യയില്‍ ജനിച്ച പാകിസ്താനിയായ മസൂദ് ഫക്രി 1956-57 സീസണില്‍ ഇംഗ്ലീഷ് ലീഗില്‍ ബാഡ്‌ഫോര്‍ഡ് സിറ്റി എഫ്.സി ക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇദ്ദേഹം 52 മുതല്‍ 54 വരെ ഈസ്റ്റ് ബംഗാളിന്റെയും 55 മുതല്‍ 56 വരെ മുഹമ്മദന്‍സിന്റേയും കളിക്കാരനായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രോവിന്‍സില്‍ ടോബാ ടെക്‌സിംഗില്‍ 1932-ല്‍ ജനിച്ച ഫക്രി 2016-സെപ്തംബര്‍ ആറിന് വെയില്‍സില്‍ അന്തരിച്ചു.) ഇന്ത്യകണ്ട ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം മോഹന്‍ ബഗാനുവേണ്ടി പത്തുവര്‍ഷം തുടര്‍ച്ചയായി കളിച്ച പയസ് അത്രയും വര്‍ഷം ക്ലബ്ബിന്റെ വിജയങ്ങളില്‍ നെടുന്തൂണുമായിരുന്നു. അക്കഥകള്‍ പിന്നാലെ.

സഞ്ചാരി, കാബാസി, ബിഷ്കര്‍, നസീരി പിന്നെ പയസ്

1979-ല്‍ ഇറാനില്‍ നിന്ന് നാലു വിദ്യാര്‍ത്ഥികള്‍ ദില്ലിയിലെ അലിഗഡ് സര്‍വകലാശാലയില്‍ പഠിക്കാനെത്തി. അഹമ്മദ് സഞ്ചാരി, മെഹമ്മൂദ് കാബാസി, മജീദ് ബിഷ്‌കര്‍, ജംഷഡ് നസീരി എന്നിവര്‍. ഇരുപത്തിയൊന്ന് വയസിന് താഴെമാത്രം പ്രായമുണ്ടായിരുന്ന ഈ നാല്‍വര്‍ സംഘം ഇറാനിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരുമായിരുന്നു. ഇതില്‍ മജീദ് ബിഷ്‌കര്‍ 1978-ലെ അര്‍ജ്ജന്റീന ലോകകപ്പില്‍ ഇറാന്‍ ടീമിലെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായിരുന്നു. ജംഷഡ് നസീരി 1977-ല്‍ ടുണീഷ്യയില്‍ ആദ്യമായി അരങ്ങേറിയ ഇരുപതുവയസിന് താഴെയുള്ളവരുടെ ലോകകപ്പില്‍ ഇറാന്‍ ടീമിലെ പ്രധാന സ്‌ട്രൈക്കറുമായിരുന്നു. അഹമ്മദ് സഞ്ചാരിയും ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. മെഹമ്മൂദ് കബാസി ഇവരെപ്പോലെ പ്രസിദ്ധനായിരുന്നെങ്കിലും ക്ലബ്ബ് ഫുട്‌ബോളിലാണ് തിളങ്ങിയത്.

ഇറാന്‍-ഇറാഖ് സംഘഷങ്ങള്‍ മൂര്‍ച്ഛിക്കുകയും ആഭ്യന്തരകലാപങ്ങളും അസ്വസ്ഥതകളും കൊണ്ട് രാജ്യം കലുഷിതമാവുകയും കളിയും പഠനവും മാത്രമല്ല ജീവിതം തന്നെ അസാധ്യമാവുകയും ചെയ്തപ്പോഴാണ് ഇവര്‍ വിദ്യാര്‍ത്ഥികളായി ഇന്ത്യയില്‍ വരുന്നത്. ഇറാനിലെ കറാജ് സ്വദേശികളായിരുന്നു അഹമ്മദ് സഞ്ചാരിയും മെഹമ്മൂദ് ഹബാസിയും. ഇറാന്‍ ലീഗിലെ ഹോമാ എഫ്‌സിയുടെ കളിക്കാരുമായിരുന്നു. മജീദ് ബിഷ്‌കര്‍, ജംഷഡ് നസീരി എന്നിവര്‍ കൊറാമഷ്ഹീര്‍ സ്വദേശികളായിരുന്നു. മജീദ്, ഇറാന്‍ ലീഗിലെ പ്രസിദ്ധ ക്ലബ്ബായ ടെഹ്‌റാനിലെ ഷാഹിന്‍ അത്‌ലറ്റിക്ക് ക്ലബ്ബിലെ കളിക്കാരനും നസീരി കൊറാമഷ്ഹീറിലെ ഒരു പ്രാദേശിക ക്ലബ്ബിലെ കളിക്കാരനുമായിരുന്നു.

അലിഗഡില്‍ ആദ്യം വരുന്നത് അഹമ്മദ് സഞ്ചാരിയും മെഹമ്മൂദ് ഹബാസിയുമായിരുന്നു. ആദ്യ വര്‍ഷം തന്നെ ഇവര്‍ യൂണിവേഴ്‌സിറ്റി ടീമിലെത്തി. ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ തകര്‍ത്തുകളിച്ച ഇരുവരും കൊല്‍ക്കൊത്ത ഈസ്റ്റ് ബംഗാളിന്റെ ശ്രദ്ധയില്‍ വന്നു. അക്കാലത്തെ ഏറ്റവും മികച്ച പ്രതിഫലം നല്‍കി ഇവരെ ക്ലബ്ബ് സ്വന്തമാക്കി. ഇവരില്‍ നിന്നാണ് മജീദ് ബിഷ്‌കര്‍, ജംഷഡ് നസീരി എന്നീ രണ്ട് ലോകകപ്പ് താരങ്ങള്‍ കൂടി അലഡിലുണ്ടെന്ന കാര്യം ഈസ്റ്റ് ബംഗാള്‍ അറിയുന്നത്. അവരേയും ക്ലബ്ബ് അധികൃതര്‍ പിടികൂടി. ഇതിനിടയില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ നൈജീരിയക്കാരനായ ഡേവിഡ് വില്യംസിനേയും ഈസ്റ്റുബംഗാള്‍ തങ്ങളുടെ അണിയില്‍ ചേര്‍ത്തു. (ഇന്ത്യയില്‍ കാരാറില്‍ ഏര്‍പ്പെട്ട് കളിക്കുന്ന ആദ്യ വിദേശിയും ആഫ്രിക്കക്കാരനും വില്യംസാണ്) വില്യംസ് 1977-ല്‍ ആണ് മദ്രാസില്‍ വരുന്നത്. അദ്ദേഹം തമിഴ്‌നാടിനുവേണ്ടി സന്തോഷ് ട്രോഫിയും കളിച്ചു. അങ്ങനെ മിടുക്കരായ അഞ്ചു വിദേശതാരങ്ങള്‍ ഏറെക്കുറെ ഒരേകാലത്തുതന്നെ ഈസ്റ്റ് ബംഗാളിലെത്തി. ഇതോടെ ക്ലബ്ബ് അജയ്യരായി. ഇതേകാലത്താണ് പയസും മോഹന്‍ ബഗാനിലെത്തുന്നത്.

തുടക്കത്തില്‍ ഈസ്റ്റ് ബംഗാളിലും പിന്നെ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗിലും കളിച്ച അഹമ്മദ് സഞ്ചാരി ദേശീയ ടീമില്‍ നിന്നു വിളിവന്നപ്പോള്‍ നാട്ടിലേക്ക് മടങ്ങി. കരിയര്‍ അവസാനിച്ച ശേഷം അദ്ദേഹം പരിശീലകനായി. ഇപ്പോള്‍ ഇറാനിലെ ബാദരാന്‍ ക്ലബ്ബിന്റെ പരിശീലകനാണ്. കൊല്‍ക്കത്തയില്‍ കാര്യമായി ശോഭിക്കാതെ പോയ മെഹമ്മൂദ് ഹബാസിയും താമസിയാതെ തിരിച്ചുപോയി. എന്നാല്‍ മജീദ് ബിഷ്‌കറും ജംഷഡ് നസീരിയും തകര്‍പ്പന്‍ കളിയുമായി കൊല്‍ക്കത്തയില്‍ തുടര്‍ന്നു. 1979-മുതല്‍ 81 വരെ ഈസ്റ്റ് ബംഗാളിനു വേണ്ടി 71 മത്സരങ്ങള്‍ കളിച്ച മജീദ് 62 ഗോളുകള്‍ നേടി. 81-മുതല്‍ 87 വരെ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനു വേണ്ടിയാണ് കളിച്ചത്. 115 മത്സരങ്ങള്‍. 58 ഗോളുകള്‍. നൂറുകണക്കിന് കളിക്കാര്‍ കളിച്ചു പോയെങ്കിലും ഇന്ത്യയില്‍ കളിച്ച ഏറ്റവും പ്രതിഭാശാലിയായ വിദേശകളിക്കാരന്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ഒന്നേയുള്ളു. അത് മജീദ് ബിഷ്‌കര്‍ എന്നാണ്. തികഞ്ഞ സ്‌ട്രൈക്കറും ടീംമാനുമായിരുന്നു മജീദ്. ‘മജീദ് ബാസ്‌കര്‍’ എന്നാണ് കൊല്‍ക്കത്തയിലെ കളിഭ്രാന്തന്‍മാര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്.

മജീദിന്റെ ജീവതം പക്ഷേ ദുരന്തമായിരുന്നു. ഒരു കളിക്കാരനെന്നതിലുപരി ഒരു തത്വജ്ഞാനിയെപ്പോലെയായിരുന്നു അദ്ദേഹം. ജന്‍മനാട്ടിലെ അസ്വസ്ഥതകളില്‍ മജീദ് എന്നും ദുഃഖിതനായിരുന്നു. കളിയില്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ തന്നെ മയക്കുമരുന്നകള്‍ക്കും മദ്യത്തിനും അടിമയായി. കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്. സഹകളിക്കാരും ക്ലബ്ബ് അധികൃതരും മജീദിനെ നേര്‍വഴിക്കു നയിക്കാന്‍ കൊണ്ടു പിടിച്ചു ശ്രമിച്ചിരുന്നെങ്കിലും അജ്ഞാതവിഷാദത്തിന്റെ വലയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എന്തായാലും 88-ല്‍ മജീദ് നാട്ടിലേക്ക് തിരിച്ചുപോയി. ഇറാനില്‍ കളിതുടരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരു പക്ഷേ ലോകമറിയുന്ന കളിക്കാരനാകുമായിരുന്നു അദ്ദേഹം. കുത്തഴിഞ്ഞ ജിവിതം നയിക്കാന്‍ ഇതുകൂടിക്കാരണമാകാം.

സ്വന്തം നാട്ടില്‍ തികച്ചും അജ്ഞാതനായ മജീദിനെ കൊല്‍ക്കത്തയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ സമീപകാലത്ത് ദുബായില്‍ കണ്ടെത്തി. ദീര്‍ഘമായൊരന്വേഷണത്തിന്റെ ഒടുവിലായിരുന്നു ഈ കണ്ടെത്തല്‍. സൗഹൃദ സംഭാഷണത്തിനിടയില്‍ പഴയ കൊല്‍ക്കൊത്താ നാളുകളെ സ്മരിച്ച മജീദ് കളിക്കളത്തില്‍ തനിക്കെന്നും വെല്ലുവിളി ഉയര്‍ത്തിയിരുന്ന സേവ്യര്‍ പയസിനെ മാത്രമാണ് അന്വേഷിച്ചത്. ഇത്ര തികവും സമര്‍പ്പണവുമുള്ള ഒരു കളിക്കാരനെ താന്‍ കണ്ടിട്ടില്ലെന്നായിരുന്നു മജീദിന്റെ വാക്കുകള്‍. സ്‌കില്‍ഫുള്‍, ഇന്റലിജന്റ്, സ്പീഡി എന്നീ വിശേഷണങ്ങള്‍ കൊണ്ടാണ് പയസിന്റെ മികവിനെ അദ്ദേഹം വാഴ്ത്തുന്നത്. പയസ് യൂറോപ്പിലോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലോ ആണ് ജനിച്ചിരുന്നതെങ്കില്‍ ഇതിനേക്കാള്‍ എത്രയോ ഉന്നതങ്ങളില്‍ എത്തുമായിരുന്നു എന്നും മജീദ് പറയുന്നു. എന്നും മജീദിന്റെ എതിര്‍ പക്ഷത്തായിരുന്നു പയസ് എന്ന കാര്യവും ഇവിടെ ഓര്‍ക്കാം. മജീദിന്റെ വാക്കുകളില്‍ ഒരു എതിരാളിയോടുള്ള ആദരവുമാത്രമല്ല തുടിക്കുന്നത്. സത്യത്തിന്റെ തീവ്രതകൂടിയാണ്. ഇതാണ് സാക്ഷാല്‍ പയസിന്റെ ക്ലാസ്.

1980 മുതല്‍ 81 വരെ ഈസ്റ്റുബംഗാളിനും 82-മുതല്‍ 85 വരെ മുഹമ്മദന്‍സ്‌പോര്‍ട്ടിംഗിനും കളിച്ച ജംഷഡ് നസീരിയും ഇതേവാക്കുകള്‍ തന്നെ പയസിനെക്കുറിച്ച് ആവര്‍ത്തിക്കുന്നു. നസീരി പക്ഷേ നാട്ടിലേക്ക് തിരിച്ചുപോയില്ല. കരിയര്‍ അവസാനിച്ച ശേഷം പരിശീലന രംഗത്തേക്കു തിരിഞ്ഞു. പിന്നീട് ബംഗാള്‍-മുംബൈ എഫ്സിയേയും മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനേയും പരിശീലിപ്പിച്ചു. ഇപ്പോള്‍ കൊല്‍ക്കൊത്ത രണ്ടാം ഡിവിഷനില്‍ കളിക്കുന്ന കൊല്‍ക്കത്ത എഫ്സിയെ പരിശീലിപ്പിക്കുന്നു. ആറുമാസം മുമ്പ് പയസിനെ കാണാന്‍ നസീരി കൊച്ചയില്‍ എത്തിയിരുന്നു.

ഇംഗ്ലീഷ് ലീഗും യൂറോപ്യന്‍ ലീഗും നിരസിച്ച ചങ്കൂറ്റം 

1980-ന്റെ തുടക്കത്തില്‍ പയസ് അംഗമായ ഒരു ഇന്ത്യന്‍ ടീം ഷാര്‍ജയില്‍ ടൂര്‍ണമെന്റുകളിക്കാന്‍ പോയി. ഏഷ്യയിലെ പ്രമുഖ ക്ലബ്ബ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായിരുന്നു അത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഷാര്‍ജാ ടീമിനോട് 2-1-ന് പരാജയപ്പെട്ടു. അന്നു രാത്രി പയസ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഒരു ദൂതനെത്തി. ഷാര്‍ജാ ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്നത് ജര്‍മനിയിലെ പ്രസിദ്ധനായൊരു പരിശീലകനായിരുന്നു. അദ്ദേഹം അയച്ചതായിരുന്നു ദൂതനെ. ജര്‍മനിയിലെ ഒരു പ്രമുഖ സെക്കന്‍ഡ് ഡിവിഷന്‍ ടീമിലേക്കുള്ള ക്ഷണം. പയസിനൊപ്പം ടീമിലുണ്ടായിരുന്ന സുര്‍ജിത്‌ സെന്‍ ഗുപ്തയേയും ക്ഷണിച്ചു. പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ട സൗകര്യങ്ങളും ബഗാനില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ എത്രയോ ഉന്നതമായിരുന്നു. മെഡിക്കല്‍ പരിശോധനകള്‍ക്കും കരാറിനും അഡ്വാന്‍സിനുമായി രണ്ടാഴ്ചയാണ് പരിശീലകന്‍ ആവശ്യപ്പെട്ടത്. ആലോചിച്ച് രാവിലെ മറുപടി പറയണമെന്നും പറഞ്ഞിരുന്നു. ക്ഷണം പയസ് സൗമ്യമായി നിരസിച്ചെങ്കിലും പയസിന്റെ പ്രതിഭയുടെ കരുത്തെന്തെന്നുകാട്ടുന്ന സംഭവമായിരുന്നു അത്. വ്യക്തിപരമായ കാരണങ്ങളാല്‍ സുര്‍ജിത് സെന്‍ ഗുപ്തയും ഒഴിഞ്ഞുമാറി.

1983-ലാണ് ഇംഗ്ലീഷ് ലീഗില്‍ കളിക്കാന്‍ പയസ് ക്ഷണിക്കപ്പെടുന്നത്. യാദൃച്ഛികമായിരുന്നു അതും. ഒരു മത്സരത്തില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും മുഖാമുഖം വരുന്നു. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ തിങ്ങിനിറയുന്ന ഗ്യാലറി. ടിക്കറ്റുകിട്ടാകെ പുറത്തലയുന്ന പതിനായിരങ്ങള്‍. കൊല്ലിനും കൊലയ്ക്കും ഒരുങ്ങി വരുന്ന ആരാധകര്‍. ഭ്രാന്തമായ അന്തരീക്ഷം റഫറിയുടെ തീരുമാനത്തില്‍ എന്തെങ്കിലും പിഴവുവന്നാല്‍ കൊല്‍ക്കത്താ നഗരം തന്നെ ചാമ്പലാകുമെന്ന അവസ്ഥ. മത്സര ദിനത്തിന് ആഴ്ചകള്‍ക്കു മുമ്പുതന്നെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. പരസ്പരം വെല്ലുവിളിക്കുന്ന ആരാധകരുടെ ബാനറുകളും ബോഡുകളും കൊണ്ട് നഗരം നിറഞ്ഞു. മത്സര ദിനം അടുക്കുന്തോറും ഭരണകൂടത്തിന്റേയും പൊലീസിന്റേയും നെഞ്ചില്‍ തീയാളി. അതിനേക്കാള്‍ സംഘാടകരെ വിഷമിപ്പിച്ചത് മത്സരം നിയന്ത്രിക്കാന്‍ റഫറിമാരെ കിട്ടാനില്ല എന്നതായിരുന്നു. ഇത്തരം സ്‌ഫോടനാത്മകമായൊരു സാഹചര്യത്തില്‍ മത്സരം നിയന്ത്രിക്കാന്‍ റഫറിമാര്‍ ആരും തയ്യാറായിരുന്നില്ല. സംഘാടകര്‍ എല്ലാവാതിലുകളിലും മുട്ടി, നിരാശരായി.

ഈ വിഷമഘട്ടത്തിലാണ് ഇംഗ്ലണ്ടില്‍ നിന്നൊരു ഫിഫാ റെഫറി മറ്റെന്തോ ആവശ്യത്തിനായി കൊല്‍ക്കത്തയില്‍ വരുന്നത്. സംഘാടകര്‍ അദ്ദേഹത്തെ സമീപിച്ചു. സാഹചര്യങ്ങളെല്ലാം മനസിലാക്കിയിട്ടും അദ്ദേഹം സമ്മതിച്ചു. മത്സരം ഗോള്‍ രഹിതമായിരുന്നു. അതുകൊണ്ടുതന്നെ അനിഷ്ടങ്ങള്‍ ഒഴിവായി. മത്സര ശേഷം ബഗാന്‍ ടീമില്‍ കളിച്ച പത്താം നമ്പര്‍കാരനെ റഫറി അന്വേഷിച്ചു. കളിയില്‍ ഗോളൊന്നും സ്‌കോര്‍ ചെയ്തിരുന്നില്ലെങ്കിലും പയസിന്റെ കളി ഇംഗ്ലീഷുകാരനെ ഞെട്ടിച്ചിരുന്നു. ഒരു ഇന്ത്യന്‍ കളിക്കാരനില്‍ നിന്ന് ഇങ്ങനെബുദ്ധിപരമായൊരു കളി സായിപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ക്ലബ്ബിനുവേണ്ടി ട്രയല്‍സിനെത്താന്‍ പയസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പയസ് അതിനും വിസമ്മതിച്ചു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലാണ് രണ്ട് ഓഫറുകളും നിരസിക്കേണ്ടി വന്നത്. എങ്കിലും അത് അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ നിരാശയോടെ തിരിച്ചറിയുന്നു.

ഓര്‍ക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ക്ക് യൂറോപ്പിലെ ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത് 2015-ല്‍ മാത്രമാണ്. പഞ്ചാബുകാരനായ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്. നോര്‍വേയിലെ ഒന്നാം ഡിവിഷന്‍ ടീമായ സ്റ്റബാക്ക് എഫ്.സി.യില്‍. ബൂട്ടിയ, അനുപം സര്‍ക്കാര്‍, സുനില്‍ഛേത്രി, സുബ്രതോപാല്‍ എന്നിവര്‍ വിദേശ ക്ലബ്ബുകള്‍ക്കു വേണ്ടി രണ്ടാം ഡിവിഷനില്‍ കളിക്കുന്നത് പയസ് കളി നിറുത്തി എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.

ഇന്ത്യന്‍ ഫുട്‌ബോളിലെ വസന്തകാലമായിരുന്നു എഴുപതുകള്‍. ലോക നിലവാരത്തിലേക്ക് നമ്മുടെ കളിയും കളിക്കാരും ഉയര്‍ന്നകാലം. ബംഗാളില്‍ മാത്രമല്ല ഇന്ത്യയില്‍ എവിടേയും മികച്ച കളിക്കാരുണ്ടായിരുന്നു. ഇവരോടൊപ്പം ഒരുമിച്ചു കളിക്കാനുള്ള അവസരവും പയസിന് ലഭിച്ചു. അവരില്‍ പലരും അദ്ദേഹത്തിന്റെ പ്രതിഭയെക്കുറിച്ച് പില്‍ക്കാലത്ത് വാചാലരായിട്ടുണ്ട്. എന്നാല്‍അതില്‍ ശ്യംഥാപ്പയും ഉലകനാഥനും വേറിട്ടു നില്‍ക്കുന്നു. രണ്ടുപേരും ബംഗാളികളല്ല. ഉലകനാഥന്‍ കന്നടക്കാരനും ശ്യാംഥാപ്പ ഡെറാഡൂണ്‍കാരനും. കര്‍ണാടകയില്‍ ‘മിനിബ്രസീല്‍ ‘ എന്നിപ്പോഴും പേരുള്ള ഗൗരംപുരാ സ്വദേശിയാണ് ഉലകനാഥന്‍. അരുമനായകം, കണ്ണന്‍ എന്നീ മികച്ച കളിക്കാര്‍ ജനിച്ച സ്ഥലം. പട്ടാളടീമുകളില്‍ കളിച്ചിരുന്ന ഉലകനാഥന്‍ 1974-ല്‍ ആണ് ബഗാനില്‍ എത്തുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈസ്റ്റ് ബംഗാളിലേക്കു മാറി. 79-ല്‍ വീണ്ടും ബഗാനില്‍ തിരിച്ചെത്തി. അക്കൊല്ലമാണ് പയസും ബഗാനില്‍ വരുന്നത്. പിന്നീട് ഇരുവരുടേയും വാഴ്ചക്കാലമായിരുന്നു ബഗാനില്‍. രണ്ടുപേരുടേയും പരസ്പരധാരണയും പ്രതിഭയും ബഗാന് നേടിക്കൊടുക്കാത്തതായി ഒന്നുമില്ല. 79, 80, 82 വര്‍ഷങ്ങളില്‍ ഡ്യൂറന്റ് കപ്പ്, 79, 81, 82 വര്‍ഷങ്ങളില്‍ ഐഎഫ്എ ഷീല്‍ഡ്, 80, 81 സീസണുകളില്‍ ഫെഡറേഷന്‍ കപ്പ്, 83-ല്‍ കൊല്‍ക്കത്ത ലീഗ് കിരീടമെന്നിവ. ഈ വിജയങ്ങളില്‍ ഉലകനാഥന്‍ നേടിയ ഗോളുകള്‍ക്കെല്ലാം പയസിന്റെ സഹായമുണ്ടായിരുന്നു. 84-ല്‍ മുഹമ്മദന്‍സിലേക്കുമാറിയ ഉയകനാഥന്‍ 85-ല്‍ കരിയര്‍ അവസാനിപ്പിച്ചു. പില്‍ക്കാലത്ത് തന്റെ കൂടെക്കളിച്ച ഒരു കളിക്കാരനെക്കുറിച്ചുമാത്രമേ അദ്ദേഹം വാചാലനായിട്ടുള്ളു. അത് പയസിനെക്കുറിച്ചായിരുന്നു. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ അവസരം കിട്ടയതുകൊണ്ടാണ് തന്റെ കരിയറിയന് ഇത്രയും തിളക്കമുണ്ടായതെന്ന് ഉലകനാഥന്‍ അനുസ്മരിക്കുന്നു. കൃത്യസമയയത്ത് കൃത്യസ്ഥലത്തെത്തുന്ന പയസിന്റെ അനുപമമായ പാസുകളെക്കുറിച്ച് സ്പൂണ്‍ഫീഡിംഗ് എന്നൊരു വിശേഷണം കൂടി ഉലകനാഥന്‍ ചേര്‍ക്കുന്നുണ്ട്.

1960-ല്‍ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സുബ്രതോ കപ്പില്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്യാം ഥാപ്പ എന്ന കളിക്കാരന്റെ ഉദയം. ഇതിഹാസതാരം പെലെയ്‌ക്കെതിരെ കളിച്ചിട്ടുള്ള ശ്യാം ഥാപ്പ അദ്ദേഹത്തിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയ കളിക്കാരനാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനിന്ന ശ്യാം ഥാപ്പ ബഗാനില്‍ കളിക്കുമ്പോഴാണ് പയസ് അവിടെ എത്തുന്നത്. ബംഗാളിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരെ ഇളക്കിമറിക്കുന്ന ജോഡിയായി അവര്‍ പിന്നീട് മാറി. ശ്യാം ഥാപ്പയുടെ കരിയറിന്റെ അവസാന ലാപ്പായിരുന്നു അത്. ധാരാളം കളിക്കാര്‍ അദ്ദേഹത്തോടൊപ്പം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവും കൃതജ്ഞതയോടെ ഓര്‍ക്കുന്നത് പയസിനെ മാത്രം. അല്‍പം കൂടി നേരത്തെ പയസ് ബംഗാളിലെത്തിയിരുന്നെങ്കില്‍ തന്റെ പേരില്‍ ഇതിനേക്കാള്‍ എത്രയോ കൂടുതല്‍ ഗോളുകള്‍ രേഖപ്പെടുത്തുമായിരുന്നു എന്നാണ് ശ്യാം ഥാപ്പയും പറയുന്നത്. ഇതാണ് സാക്ഷാല്‍ പയസ്.

കേരളത്തിനായുള്ള പടയോട്ടം

1975-ല്‍ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയാണ് സേവ്യര്‍ പയസിന്റെ കളിജീവിതത്തിലെ ആദ്യ വഴിത്തിരിവ്. മികച്ച താരങ്ങളുടെ ഒരു വന്‍നിരയായിരുന്നു കേരളാ ടീം. 1973-ല്‍ കേരളത്തിന് ആദ്യമായി സന്തോഷ്‌ട്രോഫി നേടിക്കൊടുത്ത സൈമണ്‍ സുന്ദര്‍രാജായിരുന്നു പരിശീലകന്‍. വന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയ കേരളം പക്ഷേ സെമിയില്‍ കര്‍ണാടകത്തോട് 3-2-ന് തോറ്റ് പുറത്തായി. ഫൈനലില്‍ കര്‍ണാടകത്തെ 3-1 ന് തോല്‍പ്പിച്ച ബംഗാളായിരുന്നു ചാമ്പ്യന്‍മാര്‍. നിരാശയ്ക്കിടയിലും കേരളത്തിന് ആശ്വസിക്കാന്‍ ഒന്നുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടുപേരില്‍ ഒരാള്‍ പയസായിരുന്നു. മറ്റേയാള്‍ ബംഗാളിന്റെ സുഭാഷ് ഭൗമിക്കും ആറുഗോള്‍ വീതമായിരുന്നു ഇരുവരും നേടിയത്. അതോടൊപ്പം പയസ് ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഇതിനേക്കാള്‍ പ്രധാനം ബംഗാള്‍ പരിശീലകനായി വന്ന പികെ ബാനര്‍ജിയുടെ കണ്ണില്‍ പയസ് പതിഞ്ഞു എന്നുള്ളതാണ്. അതിന്റെ ഫലമായിരുന്നു ദേശീയ ടീമിലേക്കുള്ള വിളി. പികെ ദാദ എന്ന് ബംഗാളികള്‍ ആദരവോടും അല്‍പം ഭയത്തോടും വിളിക്കുന്ന പികെ ബാനര്‍ജി അന്ന് ഇന്ത്യന്‍ ഫുട്‌ബോളില്‍ അനിഷേധ്യനായിരുന്നു. ഇന്ത്യയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കാനെത്തിയ സോവിയറ്റ് യൂണിയനെതിരെ ആയിരുന്നു പയസിന്റെ അരങ്ങേറ്റം.

1977-ല്‍ ആദ്യമായി ഫെഡറേഷന്‍ കപ്പ് അരങ്ങേറുമ്പോള്‍ കേരളത്തിലെ ഗ്ലാമര്‍ ടീമുകളിലൊന്നായ പ്രീമിയര്‍ ടയേഴ്‌സിലായിരുന്നു പയസ്. കോഴിക്കോട് സേട്ട് നാഗ്ജിയും തൃശൂര്‍ ചാക്കോളാ ട്രോഫിയും അന്ന് കൊച്ചയില്‍ നടന്നിരുന്ന നെഹ്രുട്രോഫിയും നേടി പ്രശസ്തിയുടെ ഉച്ചകോടിയിലായിരുന്നു പ്രീമിയര്‍ ടയേഴ്‌സ്. ഫെഡറേഷന്‍ കപ്പിലെ മത്സരങ്ങളിലൊന്നില്‍ പ്രീമിയര്‍ ടയേഴ്‌സ് അന്ന് ഇന്ത്യയിലെ ഗ്ലാമര്‍ ടീമുകളില്‍ ഒന്നായി എണ്ണപ്പെട്ടിരുന്ന ടാറ്റാ ബോംബെയെ പരാജയപ്പെടുത്തി. ഇന്ത്യയിലെ ഒരു ക്ലബ്ബ് ടീമിന് ഇത്രഗംഭീരമായി കളിക്കാന്‍ കഴിയുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പികെ ബാനര്‍ജിയുടെ പ്രതികരണം. മോഹന്‍ ബഗാന്റെ പരിശീലകനായി വന്ന പികെ ബാനര്‍ജി അന്നു തന്നെ പയസുമായി ബന്ധപ്പെട്ടു. ബഗാനിലേക്ക് ക്ഷണിച്ചു. കരാറിനേക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തന്നെ വന്നുകാണാനും ആവശ്യപ്പെട്ടു. തൊട്ടു പിറകേ ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍ അരുണ്‍ ഘോഷുമെത്തി. എന്നാല്‍ പ്രീമിയര്‍ ടയേഴ്‌സിലെ ജോലി ഉപേക്ഷിക്കാന്‍ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ല പയസ്. അന്ന് ഇന്ത്യയിലെ മുഴുവന്‍ കളിക്കാരുടേയും സ്വപ്‌നമായിരുന്നു ബംഗാള്‍ ടീമുകളില്‍ കളിക്കുക എന്നത്. പണവും പ്രശസ്തിയും വേണ്ടുവോളം ലഭിക്കും. ഒപ്പം ഏറ്റവും കൂടുതല്‍ കാണികള്‍ക്ക് മുന്നില്‍ കളിക്കാനുമാകും. അന്നും ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ടുകാണുന്ന മത്സരം കൊല്‍ക്കത്താ ലീഗുതന്നെ. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഖാമുഖം വരണമെന്നു മാത്രം.

ഇതിനിടയില്‍ ഒരു സംഭവം കൂടിയുണ്ടായി. സേട്ട് നാഗ്ജി ട്രോഫിയില്‍ പ്രീമിയര്‍ ടയേഴ്‌സ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമടങ്ങിയ കരുത്തരായ ബഗാനെ 2-2-ന് സമനിലയില്‍ പിടിച്ചു. വലിയ വാര്‍ത്തായായിരുന്നു അന്നത്. അത്രയ്ക്ക് അജയ്യരായിരുന്നു അന്ന് ബഗാന്‍. ബംഗാള്‍ ടീമുകളെ തളക്കാന്‍ പ്രീമിയര്‍ ടയേഴ്‌സ് എന്നായിരുന്നു അന്ന് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍. പ്രീമിയര്‍ താരങ്ങളും പൊടുന്നനവേ ദേശീയ ശ്രദ്ധയിലേക്ക് വന്നു. തുടര്‍ന്നാണ് 1978-ലെ കൊല്‍ക്കത്ത സന്തോഷ് ട്രോഫി വരുന്നത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ കേരളം അണിനിരത്തിയ ഏറ്റവും മികച്ച ടീമായിരുന്നു അത്.

മുന്നേറ്റത്തില്‍ സേവ്യര്‍ പയസ്, എന്‍എം നജീബ്, സിഡി ഫ്രാന്‍സിസ്, ബാലചന്ദ്രന്‍, നജീമുദ്ദീന്‍ എന്നിവര്‍. മധ്യനിരയില്‍ ഹമീദും എംഎം ക്കേബും സെയിനിലാബ്ദീനും പ്രതിരോധത്തില്‍ പ്രസന്നന്‍, വിജയന്‍, പ്രേംനാഥ്, ഫിലിപ്പ്, പൗലോസ്, മിത്രന്‍ എന്നിവര്‍. ഗോള്‍വലകാക്കാന്‍ ഇട്ടിമാത്യുവും സതീഷും. കണ്ണൂര്‍ക്കാരനായിരുന്ന ഭരതനായിരുന്നു പരിശീലകന്‍. ഇതില്‍ ഒന്നോരണ്ടോ പേര്‍ ഒഴികെ മറ്റുള്ളവര്‍ പലവട്ടം ഇന്ത്യക്കുകളിച്ചു. കേരളത്തിലെ കളിയാരാധകര്‍ ഇപ്പോഴും അഭിമാനത്തോടെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പേരുകളാണിത്.

ഗ്രൂപ്പിലെ മത്സരങ്ങളും ക്വാര്‍ട്ടറും അനായാസം കടന്ന കേരളം സെമിയില്‍ എത്തി. അന്നൊക്കെ രണ്ടു പാദങ്ങളിലായിട്ടായിരുന്നു സന്തോഷ് ട്രോഫിയുടെ സെമി ഫൈനല്‍ മത്സരങ്ങള്‍. പഞ്ചാബായിരുന്നു എതിരാളികള്‍. പഞ്ചാബ് എന്ന് പറയുന്നതിനേക്കാള്‍ ഒരു ഇന്ത്യന്‍ ടീമെന്നു പറയുന്നതാവും കൂടുതല്‍ ശരി. സാക്ഷാല്‍ ഇന്ദര്‍സിംഗ്, ഹര്‍ജിന്ദര്‍, ഗുരുദേവ് സിംഗ്, കുല്‍ത്താര്‍ സിംഗ്, സുഖ് വിന്ദര്‍സിംഗ്, പാര്‍മര്‍, സുര്‍ജിത് സിംഗ് എന്നിവര്‍. ഈ നിരയില്‍ നാല് ഇന്ത്യന്‍ നായകന്‍മാര്‍ കൂടിഉണ്ടെന്നോര്‍ക്കുക. ആദ്യപാദത്തില്‍ പഞ്ചാബിനോട് ഇഞ്ചോടിഞ്ച് പൊരുതി നിന്ന കേരളം 4-3-ന് തോറ്റു. രണ്ടാം പാദത്തില്‍ തോല്‍വി 2-1-ന് ആയിരുന്നു. മത്സരം തോറ്റെങ്കിലും ബംഗാളിലെ കളി ഭ്രാന്തന്‍മാരുടെ മനസില്‍ നിത്യമായൊരിടം നേടാന്‍ ആ ടീമിന് കഴിഞ്ഞു. ആ മത്സരത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന ബംഗാളികള്‍ ഇന്നുമുണ്ട്.

ആ ടീമിലുണ്ടായിരുന്ന ഭൂരിപക്ഷം കളിക്കാരേയും വലവീശാന്‍ ബംഗാള്‍ ടീമുകള്‍ ഇറങ്ങി. അപ്പോഴേക്കും പയസിന് മനം മാറ്റം വന്നുകഴിഞ്ഞിരുന്നു. അദ്ദേഹം ബഗാനില്‍ ചേരാന്‍ തീരുമാനിച്ചു. ടീമിലുണ്ടായിരുന്ന എന്‍എം നജീബും സിഡി ഫ്രാന്‍സിസും പ്രേംനാഥ് ഫിലിപ്പും മുഹമ്മദന്‍സ് സ്‌പോട്ടിംഗിലേക്കും പോയി. എംഎം ജേക്കബ്, പ്രസന്നന്‍, വിജയന്‍, നജീമുദീന്‍, ബാലചന്ദ്രന്‍ എന്നിവര്‍ക്കും ഓഫറുണ്ടായിരുന്നു. നാട്ടിലെ ഉറപ്പുള്ള ജോലി ഉപേക്ഷിക്കാന്‍ പക്ഷേ അവര്‍ തയ്യാറായില്ല. അക്കാലത്ത് ബഗാനിലും ഈസ്റ്റ് ബംഗാളിലും മുഹമ്മദന്‍സിലും കളിച്ചിരുന്ന ലെജന്റുകളുടെ പേരുകൂടി അറിഞ്ഞാലേ നമ്മുടെ കളിക്കാരുടെ മാറ്ററിയാന്‍ കഴിയു.

 ഫൗള്‍ കാര്‍ഡുകളുടെ ധാരാളിത്തം ഇല്ലാത്ത കരിയര്‍, ബഗാനിലെ തേരോട്ടം

1977-സെപ്തംബര്‍ 24. കൊല്‍ക്കത്തക്കാര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസമാണത്. അന്നാണ് ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ പെലെ അംഗമായ അമേരിക്കന്‍ സോക്കര്‍ ലീഗിലെ ന്യൂയോര്‍ക്ക് കോസ്‌മോസ് ഫുട്‌ബോള്‍ ടീം സൗഹൃദമത്സരം കളിക്കാന്‍ കൊല്‍ക്കത്തയില്‍ എത്തുന്നത്. ബഗാനുമായിട്ടായിരുന്നു മത്സരം. എണ്‍പതിനായിരം കാണികള്‍ക്കുമുന്നില്‍ നടന്ന മത്സരത്തില്‍ ബഗാന്‍ 2-2-ന് കോസ്‌മോസിനെ തളച്ചു.

കളിയുടെ പതിനേഴാം മിനിറ്റില്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോയിലൂടെ കോസ്‌മോസ് ലീഡു നേടി. ഹബീബിന്റെ ത്രൂ പാസ് സ്വീകരിച്ച സഹോദരനായ അക്ബര്‍ വാര്‍ണര്‍ റോത്തിനെ മറികടന്ന് പന്ത് ശ്യാം ഥാപ്പയക്കു നല്‍കി. ഥാപ്പ കോസ്‌മോസ് ഗോള്‍കീപ്പര്‍ ഇറോള്‍ യാസിനെ മറികടന്ന് പന്ത് വലയ്ക്കുള്ളിലേക്ക് പ്ലേസ് ചെയ്ത് സമനില നേടി. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഹബീബിലൂടെ ബഗാന്‍ ലീഡും നേടി. അക്ബറുടെ ഒരു ലോങ് റേഞ്ച് കോസ്‌മോസ് ഗോളി തടുത്തിട്ടു. പറന്നെത്തിയ ഹബീബ് പന്ത് വലയ്ക്കുള്ളിലാക്കി. ഇതിനിടയില്‍ ഗോള്‍ പോസ്റ്റിന് ഇരുപത്തിയഞ്ച് വാര ആകലെ നിന്ന് പെലെ എടുത്ത ഫ്രീകിക്ക് ബഗാന്‍ ഗോള്‍കീപ്പര്‍ ശിബജി ബാനര്‍ജി അത്ഭുതകരമാം വിധം തട്ടിയകറ്റി. എഴുപത്തി മൂന്നാം മിനിറ്റില്‍ ചെറിയൊരു ഫൗളിന് വിധിക്കപ്പെട്ട വിവാദപരമായൊരു പെനാല്‍റ്റിയിലൂടെ കോസ്‌മോസ് സമനിലഗോള്‍ നേടി. ചിനാഗ്ലിയയാണ് കിക്കെടുത്തത്. ബഗാന്‍ അവരുടെ ചരിത്രത്തില്‍ കളിച്ച ഏറ്റവും മികച്ച മത്സരമായിട്ടാണ് ഇന്നും ഇത് വിലയിരുത്തപ്പെടുന്നത്. കളിക്കു ശേഷം നടന്ന പത്രസമ്മേളനത്തില്‍ അക്ബര്‍, ഹബീബ്, സുബ്രതോ ഭട്ടാചാര്യ, ശ്യാം ഥാപ്പ, ഗോള്‍ കീപ്പര്‍ ശിബജി ബാനര്‍ജി എന്നിവരെ പെലെ ഹാര്‍ദവമായി അഭിനന്ദിക്കുകയും ചെയ്തു

ജര്‍മന്‍ ഇതിഹാസം ബെക്കന്‍ ബോവറും അക്കാലത്ത് കോസ്‌മോസില്‍ കളിച്ചിരുന്നു. പരുക്കിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വഴിയില്‍ യാത്ര അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം. അല്ലാതിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കളികാണാനുള്ള ഭാഗ്യവും കൊല്‍ക്കത്തക്കാര്‍ക്ക് ഉണ്ടാകുമായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ എണ്‍പതിനായിരം പേര്‍ക്കുമാത്രമേ ടിക്കറ്റ് നല്‍കിയിരുന്നുള്ളു. കരിഞ്ചന്തയില്‍ അന്ന് ഗ്യാലറി ടിക്കറ്റിന് വില അഞ്ഞൂറ് രൂപയായിരുന്നു. 1977-ലെ അഞ്ഞൂറുരൂപയാണെന്നോര്‍ക്കണം. ജീവന്‍കൊടുത്തും കളികാണുന്നവരായിരുന്നു അന്നും ബംഗാളികള്‍.

കോസ്‌മോസ് ടീം-ഇറോള്‍ യാസിന്‍ (ഗോള്‍കീപ്പര്‍), കാര്‍ലോസ് ആല്‍ബര്‍ട്ടോ, നെല്‍സി മൊറായിസ്, വെര്‍ണര്‍ റൂത്ത്, റില്‍ഡോ, ടെറി ഗാര്‍ബെറ്റ്, വിറോ ഡിമിത്രിവിച്ച്, ജോര്‍ജിയോ ചിനാഗ്ലിയ, ടോണി ഫീല്‍ഡ്, പെലെ, സ്റ്റീവ് ഹണ്ട്. ഇതില്‍ ഒമ്പതുപേര്‍ ലോകകപ്പ് താരങ്ങളായിരുന്നു. പരിശീലകന്‍-എഡ്ഡി ഫിര്‍മാനി.

മോഹന്‍ ബഗാന്‍ ടീം-ശിബജി ബാനര്‍ജി, ബിശ്വജിത് ദാസ് (ഗോള്‍കീപ്പര്‍മാര്‍), സുധീര്‍ കര്‍മാര്‍ക്കര്‍, സുബ്രതോ ഭട്ടാചാര്യ, പ്രദീപ് ചൗദരി, ദിലീപ് പാലിറ്റ്, (ദിലീപ് സര്‍ക്കാര്‍), ഗൗതം സര്‍ക്കാര്‍, (കോംപ്ടണ്‍ ദത്ത), പ്രസൂണ്‍ ബാനര്‍ജി, അക്ബര്‍ (സുഭാഷ് ഭൗമിക്), ശ്യാം ഥാപ്പ (മനാസ് ഭട്ടാചാര്യ), ഹബീബ്, ബിദേശ് ബോസ് എന്നിവര്‍. പരിശീലകന്‍-പികെ ബാനര്‍ജി.

ഇത്രയും വിശദീകരിച്ചത്, പയസ് ബാഗനില്‍ ചേരുമ്പോള്‍ ബഗാന്റെ നിലവാരം എന്തെന്ന് മനസിലാക്കാന്‍ വേണ്ടിമാത്രമായിരുന്നു. എന്നാല്‍ പയസ് എത്തുന്നതിന് തൊട്ടുമുമ്പ് റോവേഴ്‌സ് കപ്പില്‍ അവര്‍ക്ക് കനത്തൊരടികിട്ടി. അന്ന് ഇന്ത്യയിലെ മികച്ച ടീമുകളില്‍ ഒന്നായിരുന്ന ടാറ്റാ സ്‌പോര്‍ട്‌സ് ക്ലബ്ബ് ബോംബെ അവരെ എതിരില്ലാത്ത ആറുഗോളിന് പരാജയപ്പെടുത്തിയിരുന്നു. അപ്രതീക്ഷിത പരാജയത്തില്‍ തളര്‍ന്നിരിക്കുമ്പോഴാണ് പയസ് ബഗാനില്‍ ചേരുന്നത്. അതോടെ ബഗാന്‍ മുന്നേറ്റനിരയുടെ മൂര്‍ച്ച ഇരട്ടിയായി. പയസും ഉലകനാഥനും ശ്യാം ഥാപ്പയും ചേര്‍ന്നപ്പോള്‍ ഏത് മികച്ച പ്രതിരോധത്തിനും അത് വന്‍ഭീഷണിയായി. തുടര്‍ന്ന് 88-ല്‍ പയസ് ബഗാന്‍ വിടുന്നതുവരെ അവര്‍ നേടിയ കിരീടങ്ങള്‍ ഇതിന് തെളിവു നല്‍കും. 79, 83, 84, 85 സീസണുകളില്‍ കൊല്‍ക്കത്ത ലീഗ് കിരീടം, 84, 86 വര്‍ഷങ്ങള്‍ ഐഎഫ്എ ഷീല്‍ഡ്, 81, 85 വര്‍ഷങ്ങളില്‍ റോവേഴ്‌സ കപ്പ്, 79, 80, 82, 84, 85, വര്‍ഷങ്ങളില്‍ ഡ്യുറണ്ട് കപ്പ്, 80, 81, 82, 86, 87 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് എന്നിവയാണ് പയസിന്റെ വിയര്‍പ്പിലും ചോരയിലും ബഗാന്‍ ഉയര്‍ത്തിയ കിരീടങ്ങള്‍. ഒരു പ്രഫഷണല്‍ ഫുട്‌ബോളറെ സംബന്ധിച്ചടത്തോളം അഭിമാനിക്കാവുന്ന നേട്ടങ്ങളാണിവ. ഇക്കാലയളവില്‍ ബംഗാളിന്റെ മൂന്നു സന്തോഷ് ട്രോഫി വിജയങ്ങളിലും പയസ് പങ്കാളിയായി.

1975-മുതല്‍ രാജ്യത്തിനു വേണ്ടി കളിച്ചു തുടങ്ങിയ പയസ് 83 വരെ ദേശീയ കുപ്പായമണിഞ്ഞു. 1978-ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ മുഖ്യ സ്‌ട്രൈക്കറായിരുന്നു പയസ്. സെമി ഫൈനലിന്റെ ലീഗ് റൗണ്ടില്‍ പുറത്തായ ഇന്ത്യക്ക് ബംഗ്ലാദേശിനെ മാത്രമേ തോല്‍പ്പിക്കാനായുള്ളു. 3-1-ന് ആയിരുന്നു വിജയം. ഇതില്‍ ഒരു ഗോള്‍ പയസിന്റെ വകയായിരുന്നു.

പയസിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 1981. അക്കൊല്ലമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ നായകനായത്. ഫെഡറേഷന്‍ കപ്പും റോവേഴ്‌സ് കപ്പും നേടിയ ബഗാന്‍ അക്കുറി കൊല്‍ക്കത്ത ലീഗ് കിരീടവും കരസ്ഥമാക്കി. എന്നാല്‍ തൊട്ടടുത്തവര്‍ഷം ഏഷ്യന്‍ ഗെയിംസിന് വേണ്ടി ഒരുക്കിയ ടീമില്‍ പയസിനെ ഉള്‍പ്പെടുത്തിയില്ല. ബഗാനുമായി ബന്ധപ്പെട്ടൊരു വിഷയത്തില്‍ പരിശീലകന്‍ പികെ ബാനര്‍ജിയുമായി വാക്കുതര്‍ക്കം ഉണ്ടായതായിരുന്നു കാരണം. ടീം ആദ്യ റൗണ്ടില്‍ പുറത്തായി. വര്‍ഷങ്ങള്‍ക്കു ശേഷം കൊല്‍ക്കത്തയില്‍ വച്ചു കണ്ടപ്പോള്‍ തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് പികെ പയസിനോട് ഏറ്റുപറഞ്ഞു. പയസ് ടീമിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചമാകുമായിരുന്നു എന്ന് പറയുകയും ചെയ്തു.

982-ല്‍ ആദ്യമായി നെഹ്‌റുകപ്പ് അരങ്ങേറുമ്പോള്‍ ഷബീര്‍ അലിക്കും കാര്‍ത്തിക്ക് സേട്ടിനും ഒപ്പം പയസും മുഖ്യമുന്നേറ്റനിരക്കാരനായി. കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. കരുത്തരായ ചൈനയേയും നോര്‍ത്ത് കൊറിയേയും സമനിലയില്‍ തളച്ചു. ഉറുഗ്വെയോട് തോറ്റെങ്കിലും അവരുടെ വലയില്‍ ഒരു ഗോള്‍ എത്തിച്ചു. യുഗോസ്ലാവിയയോട് 2-1-ന് തോറ്റു. പിന്നീട് ഒരു ഇന്ത്യന്‍ ടീമില്‍ നിന്നും ഇത്രയും മികച്ചൊരു പ്രകടനം നെഹ്‌റുകപ്പില്‍ ഉണ്ടായിട്ടില്ല. ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ ഗാംഗുലി നയിച്ച ടീമിന്റെ പരിശീലകന്‍ പികെ ബാനര്‍ജി തന്നെയായിരുന്നു. 83 ലെ നെഹ്‌റുകപ്പ് ടീമിലും പയസുണ്ടായിരുന്നു. ടൂര്‍ണമെന്റിലാകെ നാലുഗോള്‍ വഴങ്ങിയ ഇന്ത്യ രണ്ടു ഗോള്‍ തിരിച്ചടിച്ചു. ഇറ്റലിക്കും ഹംഗറിക്കുമെതിരെയായിരുന്നു ഈ രണ്ടു ഗോളുകളും. വീണ്ടും അഞ്ചുവര്‍ഷം കൂടി ബംഗാളില്‍ കളച്ച ശേഷമാണ് പയസ് നാട്ടിലേക്കു മടങ്ങിയത്.

സൗമ്യവും മാതൃകാപരവുമായിരുന്നു പയസിന്റെ ബംഗാളിലെ സാന്നിധ്യം. ബഗാന്‍ കളിക്കാരേയും ആരാധകരേയും കടിച്ചു കീറാന്‍ നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിന്റേയും മുഹമ്മദന്‍സിന്റേയും ആരാധകര്‍പോലും പയസിനെ ആരാധിച്ചു, ബഹുമാനിച്ചു. ബഗാനും ഈസ്റ്റ് ബംഗാളും മുഖാമുഖം വരുന്ന കൊല്‍ക്കൊത്ത ലീഗ് മത്സരങ്ങള്‍ എല്ലാവര്‍ക്കും പേടി സ്വപ്‌നമായിരുന്നു. അങ്ങനെയുള്ള കശപിശകളില്‍ കാണികളെ വിശേഷിച്ച് ഈസ്റ്റ് ബംഗാളിന്റെ കാണികളെ സമാധാനിപ്പിക്കാന്‍ പയസ് ഗ്രൗണ്ടില്‍ നിന്ന് കയ്യൊന്നുയര്‍ത്തിയാല്‍ മതിയായിരുന്നു അവര്‍ ശാന്തരാകാന്‍. എതിര്‍ ടീമില്‍ നന്നായിക്കളിക്കുന്ന കളിക്കാരെ അങ്ങോട്ട് ചെന്ന് അഭിനന്ദിക്കാനും പയസ് ഭയപ്പെട്ടിരുന്നില്ല. ബഗാന്റെ ആരാധകര്‍ പയസിന് മാത്രം സമ്മതിച്ചു കൊടുത്തിരുന്ന സൗജന്യമായിരുന്നു അത്. രണ്ടു ടീമിലേയും കളിക്കാര്‍ മുഖത്തോട് മുഖം നോക്കുന്ന പതിവുപോലും വിരളമാണ്. കാണികള്‍ ഇതിനേക്കാള്‍ കര്‍ക്കശരായിരുന്നു. അവിടേയും പയസിനവര്‍ ഇളവു നല്‍കി.

ഏത് സംഘര്‍ഷസാഹചര്യങ്ങളിലും റഫറിമാരോട് അപമര്യദയായി പെരുമാറുന്നതോ എതിര്‍ കളിക്കാരെ ഫൗള്‍ ചെയ്യുന്നതോ പയസിന്റെ രീതികളില്‍പ്പെടില്ല. കളിക്കളത്തിലെ പെര്‍ഫെക്ട് ജെന്റില്‍മാന്‍ എന്നാണ് പയസിനെ മാധ്യമങ്ങളും ആരാധകരും സഹകളിക്കാരും പൊതുവേ വിശേഷിപ്പിച്ചിരുന്നത്. കാര്‍ഡുകളുടെ ധാരാളിത്തം ആ കരിയറില്‍ ഇല്ല. കളിയില്‍ മാത്രമല്ല സ്വഭാവമഹിമയിലും എതിര്‍കളിക്കാരോടുള്ള സമീപനങ്ങളിലും എല്ലാക്കാലത്തേയും നല്ല മാതൃകയായിരുന്നു പയസ്. അതുകൊണ്ടാകണം മോഹന്‍ ബഗാന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇപ്പോഴും പയസ് ക്ഷണിക്കപ്പെടുന്നത്. കളിക്കളം വിട്ട് മൂന്നുപതിറ്റാണ്ട് തികഞ്ഞിട്ടും കൊല്‍ക്കത്തയിലെ കളി ഭ്രാന്തന്‍മാര്‍ ഇപ്പോഴും തലയില്‍ ചുമക്കുന്നതും. ഒരു കളിക്കാരന് ഇതിനേക്കാള്‍ കൂടുതലായി എന്ത് പുരസ്‌കാരങ്ങളാണ് വേണ്ടത്.

കാല്‍പ്പന്തുകളിയിലേക്കുള്ള തുടക്കം

ജാഫറിനേയും വില്യംസിനേയും പോലെ എണ്ണം പറഞ്ഞ കളിക്കാരെ സൃഷ്ടിച്ച ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് പയസും പന്തുതട്ടിത്തുടങ്ങിയത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ യംഗ്‌സ്‌റ്റേഴ്‌സിനേയും വാണ്ടറേഴ്‌സിനേയും പോലുള്ള മികച്ച ടീമുകളും അക്കാലത്തവിടെയുണ്ടായിരുന്നു. തുടക്കക്കാരനെന്ന നിലയില്‍ ജാഫറിന്റേയും വില്യംസിന്റേയും നിര്‍ലോഭമായ പ്രോല്‍സാഹനവും പയസിന് ലഭിച്ചിരുന്നു. ഒരര്‍ഥത്തില്‍ പയസിന്റെ പ്രതിഭയെ മിനുക്കിയെടുക്കുന്നതില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ടെന്നു തന്നെ പറയാം. ഒപ്പം റൂബസ് അങ്കിള്‍ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടേയും ബഹുമാനത്തോടേയും വിളിക്കുന്ന റൂബസ് എന്ന കളിയാചാര്യന്റെ ഉപദേശങ്ങളും. ഫുട്‌ബോള്‍ അക്കാഡമിയെന്നൊരു സങ്കല്‍പം പോലും അന്ന് അപരിചിതമായിരുന്നു. വിദഗ്ദ്ധ പരിശീലകര്‍ എന്നത് വെറും സങ്കല്‍പവും. മുതിര്‍ന്ന കളിക്കാരുടെ കളികണ്ട് പകര്‍ത്തുക എന്നതുമാത്രമായിരുന്നു കളിക്കാരനാകാന്‍ ആഗ്രഹിക്കുന്നവരുടെ ഏക പോംവഴി. ആ വഴിയില്‍ക്കൂടിയാണ് പയസും മുന്നേറിയത്. പത്തൊമ്പതാം വയസില്‍ സന്തോഷ് ട്രോഫി ക്യമ്പിലെത്തുമ്പോഴാണ് ആദ്യമായൊരു പരിശീലകനെകാണുന്നതെന്ന് പയസ് ഓര്‍മിക്കുന്നു.

ഫോര്‍ട്ടുകൊച്ചിയിലെ സെന്റ് ജോണ്‍ ദി പ്രിട്ടോ എന്ന സ്‌കൂളിലായിരുന്നു പയസിന്റെ വിദ്യാഭ്യാസം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം കളി തുടര്‍ന്നെങ്കിലും ഒരു ജോലി തേടേണ്ട അവസ്ഥയുണ്ടായിരുന്നു അപ്പോള്‍. അങ്ങനെ കൊച്ചിന്‍ പോര്‍ട്ടുമായി ബന്ധപ്പെട്ടൊരു സ്വകാര്യ കമ്പനിയില്‍ ജോലി നേടി. കളിയും ജോലിയും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അപ്പോഴാണ് പ്രീമിയര്‍ ടയേഴ്‌സ് ടീം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പയസിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഒളിമ്പ്യന്‍ റഹ്മാനാണ് പയസിനെ ടീമിലേക്ക് ശുപാര്‍ശചെയ്യുന്നത്. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ പില്‍ക്കാലത്ത് അരാധകര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച സേവ്യര്‍ പയസെന്ന കളിക്കാരന്‍ ഉണ്ടാകുമായിരുന്നില്ല. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോള്‍ പയസും ടീമിലുണ്ടായിരുന്നു. ക്ലസ്റ്ററില്‍ മണിപ്പൂരിനെതിരെ ഒരു കളിമാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളു. മത്സരത്തില്‍ മൂന്നുഗോളിന് കേരളം ജയിച്ചു. അതില്‍ ഒരു ഗോള്‍ പയസിന്റേതായിരുന്നു. പിന്നീട് എല്ലാം സുവര്‍ണ ചരിത്രമാണ്.

എഎം സേവ്യറാണ് പയസിന്റെ പിതാവ്. അമ്മ ജൂലിയറ്റ്. പയസിനെകൂടാതെ എട്ടുമക്കള്‍ കൂടിയുണ്ടിവര്‍ക്ക്. ആറ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും. പയസിന്റെ ജ്യേഷ്ഠന്‍ മാത്യു എറണാകുളം ജില്ലാ ടീമില്‍ കളിച്ചിട്ടുണ്ട്. മറ്റൊരു ജ്യേഷ്ഠന്‍ വിന്‍സെന്റ് സംസ്ഥാന ജൂനിയര്‍ ടീം അംഗമായിരുന്നു. അടുത്തിടെ അന്തരിച്ച അനുജന്‍ ഹാമില്‍ട്ടന്‍ബോബി ഇന്ത്യന്‍ താരമായിരുന്നു. പലതവണ തമിഴ്‌നാടിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ച ഹാമില്‍ട്ടന്‍ അവരുടെ നായകനുമായി. സന്തോഷവും അഭിമാനവും നിറഞ്ഞ പയസിന്റെ ജീവിതത്തിലെ ഏകദുഃഖം കുഞ്ഞനുജന്റെ മരണം മാത്രമാകാം. സബീനയാണ് ഭാര്യ. വിദ്യാര്‍ത്ഥിയായ ആല്‍ട്ടിയ മകളും.

കഠിനാധ്വാനത്തിന്റയും സമര്‍പ്പണത്തിന്റെയും കളിജീവിതം

കഠിനാധ്വാനത്തിലൂടേയും സമര്‍പ്പണത്തിലൂടേയും കളിയില്‍ എന്നും ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന പയസ് അതിനേക്കാള്‍ നിലവാരം വ്യക്തി ജീവിതത്തിലും പുലര്‍ത്തി. വ്യക്തിശുദ്ധിയും ആദര്‍ശനിഷ്ഠയുമാണ് ഏതുമേഖലയിലും പ്രവര്‍ത്തിക്കുന്നവരുടെ വിജയമന്ത്രമാകേണ്ടതെന്ന് സ്വജീവിതത്തിലൂടെ തെളിയിക്കുക കൂടിയായിരുന്നു പയസ്. കളിക്കാരനെന്ന നിലയില്‍ പുലര്‍ത്തിയ നിഷ്ഠകള്‍ വ്യക്തിജീവിതത്തിലേക്കും സമൂഹജീവിതത്തിലേക്കും അദ്ദേഹം കൊണ്ടുവന്നു. ലക്ഷക്കണക്കിന് ആരാധകര്‍ ആവേശത്തോടെ തലയിലേറ്റിയപ്പോഴും പ്രൊഫഷണല്‍ ഫുട്‌ബോള്‍ നല്‍കുന്ന സാമ്പത്തിക ഭദ്രതയിടെ സുഖകരമായ തണലില്‍ കഴിഞ്ഞപ്പോഴും കാലുകളെ പച്ചമണ്ണില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തി. കറകളഞ്ഞ കളിമാത്രമല്ല വരും തലമുറക്ക് ഈ ശൂദ്ധമായ വ്യക്തിജീവിതത്തേയും മാതൃകയാക്കാം.

പുരസ്‌കാരങ്ങള്‍ ആരേയും അനശ്വരനാക്കുന്നില്ല. എങ്കിലും പയസിന്റെ പകുതി പ്രതിഭപോലുമില്ലാത്തവര്‍ അര്‍ജ്ജുന അവാര്‍ഡുകളും പത്മശ്രീകളും മറ്റും കൊണ്ടുപോകുമ്പോള്‍ നമുക്ക് നിരാശതോന്നും. എന്നാല്‍ അതിലൊന്നും പയസ് ഒരിക്കലും അസ്വസ്ഥനായിട്ടില്ല. അവകാശവാദങ്ങളുമില്ല. താനെന്തെങ്കിലും ചെയ്തു എന്ന ഭാവം പോലുമില്ല. എങ്കിലും നാം അറിയണം. ഒരു പത്മശ്രീയെങ്കിലും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. കാണേണ്ടവര്‍ അത് കാണണമെന്നുമാത്രം. അല്ലെങ്കില്‍ അത് കൊടിയ നന്ദികേടാകും.

പയസിന്റെ സഹകളിക്കാരനും ഇന്ത്യന്‍ നായകനുമായിരുന്ന സുബ്രതോ ഭട്ടാചാര്യ ഒരിക്കല്‍ പറഞ്ഞത് അര്‍ത്ഥവത്താണ്-‘പയസ് ബംഗാളിയായിരുന്നെങ്കില്‍ ഇങ്ങനെ അനാഥനാകുമായിരുന്നില്ല’.

DONT MISS
Top