‘ചരിത്രത്തെ കൂ­ട്ടി­ക്ക­ലര്‍­ത്തേ­ണ്ട, സിനിമയെ സിനിമയായി കാണുക’; പത്മാവതി വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നഖ്‌വി

മു­ക്തര്‍ അ­ബ്ബാ­സ് ന­ഖ്‌വി

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവതി’ക്കുനേരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നായിരുന്നു നഖ്‌വിയുടെ വിലയിരുത്തല്‍.

‘ഞാന്‍ സിനിമയെ സിനിമയായാണ് സമീപിക്കുന്നത്. അതില്‍ ചരിത്രവും ഭൂമിശാസ്ത്രവും ഉള്‍പ്പെടുത്താറില്ല,’ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി നഖ്‌വി പറഞ്ഞു. പത്മാവതിയെ താന്‍ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂ­ട്ടിച്ചേര്‍ത്തു. ‘സിനിമയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നവ ഉണ്ടെങ്കില്‍ അത് സ്വീകരിക്കുക, ഇഷ്ടപ്പെടാത്തതാണെങ്കില്‍ ഉപേക്ഷിക്കുക. ഞാന്‍ ചിത്രത്തെ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ല.’ നഖ്‌വി വ്യക്തമാക്കി.

റാണി പത്മാവതിയായി ദീപിക പ­ദു­ക്കോണ്‍ വേഷമിടുന്ന ചിത്രത്തിനെതിരെയുള്ള പ്രതിഷേധം ഇന്നലെ സൂറത്തില്‍ ശക്തമായിരുന്നു. രജപുത്ര സമൂഹം, വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദള്‍, കര്‍ണിസേന എന്നിവര്‍ സംയുക്തമായിട്ടായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിരുന്നത്. “സര്‍ക്കാര്‍ പത്മാവതിയുടെ റിലീസ് നിരോധിക്കണം, റാണി പത്മിനിയെയും ചരിത്രത്തെയും ചിത്രം തെറ്റായിട്ടാണ് ചിത്രീകരിക്കുന്നത്, വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം കേള്‍ക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ അതിന്റെ അനന്തരഫലം എല്ലാവരും അനുഭവിക്കേണ്ടിവരും”. പ്രതിഷേധക്കാരില്‍ ഒരാള്‍ പറയുന്നു.

നേരത്തെ ചിത്രത്തിന് സെന്‍സര്‍ സര്‍­ട്ടി­ഫിക്കറ്റ്‌ നല്‍കരുതെന്ന് കാട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍­ട്ടിഫിക്കേഷനെതിരെ (സിബിഎഫ്‌സി) സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. സിബിഎഫ്‌സി ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നുമായിരുന്നു കോടതി ചൂണ്ടിക്കാണിച്ചത്.

പത്മാവതിയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ അണിയറ പ്രവര്‍ത്തകര്‍ നിരവധി ഭീഷണികളാണ് നേരിട്ടത്. ചിത്രീകരണത്തിനിടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. പിന്നീട് ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുന്നതുവരെ കാര്യങ്ങള്‍ എത്തി. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്നാണ് ഒടുവില്‍ പുറത്തുവന്ന ഭീഷണി.

ദീപികയ്ക്ക് പുറമെ ഷാഹിദ് കപൂറും രണ്‍വീര്‍ സിംഗും പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. റവല്‍ രത്തന്‍ സിംഗായി ഷാഹിദ് എത്തുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ വേഷമിടുന്നു. ശിവാജി ഗണേശനും വൈജയന്തിമാലയും പ്രധാന കഥാപാത്രങ്ങളായി 1963ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ചിറ്റൂര്‍ റാണി പത്മിനിയുടെ റീമേക്കാണ് ബന്‍സാലിയുടെ പത്മാവതിയെന്നാണ് അനൗദ്യോഗിക വിവരം.

DONT MISS
Top