‘ഹേയ് ജൂഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി; പ്രതീക്ഷയേകി നിവിന്‍-തൃഷ ജോടികള്‍

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നിവിന്‍ പോളി-ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ നടി തൃഷ നായികയാകുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹേയ് ജൂഡ്.

സംവിധായകന്‍ ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. കൂടാതെ ചിത്രത്തെ സംബന്ധിച്ച എല്ലാ അറിയിപ്പുകള്‍ക്കുമുള്ള ഔദ്യോഗിക പേജിന്റെ ലിങ്കും അദ്ദേഹം പുറത്തുവിട്ടു. ടീസര്‍, ട്രെയിലര്‍, റിലീസ് തീയതി എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും പേജില്‍ പങ്കുവെക്കും.

നിവിനും തൃഷയുമാണ് പോസ്റ്ററില്‍ ഉള്ളത്. ഇരുവരും ഇതുവരെ ചെയ്തതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഹേയ് ജൂഡിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി നിവിന്‍ എത്തുമ്പോള്‍ ക്രിസ്റ്റലായി തൃഷ വേഷമിടുന്നു. തന്റെ ആദ്യ മലയാള ചിത്രം സൂപ്പര്‍ഹിറ്റാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

സിദ്ദിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, വിജയ് മേനോന്‍, അജു വര്‍ഗീസ്, നീന കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോവ, മംഗലാപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പുരോഗമിച്ചത്. ഔസേപ്പച്ചന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിനായി ഗിരീഷ് ഗംഗാധരനാണ് ക്യാമറ ചലിപ്പിക്കുന്നത്. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന.

DONT MISS
Top