മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ല: നാലു വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ അപ്രസക്തമാകുമെന്ന് അമിതാഭ് കാന്ത്

അമിതാഭ്കാന്ത്

നോയിഡ: മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്ന് നീതി ആയോഗ് സിഇഒ അമിതാഭ്കാന്ത്. ‘ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവുമധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം നടക്കുന്ന കാലം വിദൂരമല്ല’. അമിതാഭ്കാന്ത് പറഞ്ഞു. നോയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എടിഎം കൗണ്ടറുകള്‍ ഇല്ലാതായേക്കാം. അതുകൊണ്ടുതന്നെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ അപ്രസക്തമാകുമെന്നും അമിതാബ്കാന്ത് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ക്കായി ജനങ്ങള്‍ മൊബൈല്‍ ഫോണിനെ മാത്രം ആശ്രയിക്കും. ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ദ്ദനവുണ്ടാകുമെന്നും നീതിആയോഗ് സിഇഒ കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം 7.5 നിരക്കിലാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം പുരോഗതി പ്രാപിക്കുന്നത്. ഈ നിരക്ക് 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അമിതാഭ് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനവും 32 വയസ്സില്‍ താഴെയുള്ളവരാണ്. ഇത് ഭാവിയില്‍ ഇന്ത്യയ്ക്ക് ഗുണകരമാകും. 2040 വരെ ഇന്ത്യയുടെ ജനസംഖ്യ ഊര്‍ജ്ജസ്വലമായി തുടരുമെന്നും അമിതാഭ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top