വീടുകളില്‍ വെള്ളം കയറി ജനജീവിതം ദു:സ്സഹം; പകര്‍ച്ചവ്യാധി ഭീതിയില്‍ കുട്ടനാട്ടിലെ ആര്‍ ബ്ലോക്ക്

വീടുകളില്‍ വെള്ളം കയറിയ നിലയില്‍

ആലപ്പുഴ; കുട്ടനാട്ടിലെ ആര്‍ ബ്ലോക്കില്‍ വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി ജനജീവിതം ദുരിതത്തിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നതിനെത്തുടര്‍ന്ന് പകര്‍ച്ച വ്യാധികള്‍ ബാധിച്ച് മാസങ്ങള്‍ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളടക്കം ഇരുപതോളംപേര്‍ ആശുപത്രിയിലാണ്. സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമായിട്ടും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും അടക്കം ആരും ഇവിടെ നരകിച്ച് ജീവിക്കുന്ന മനുഷ്യരെ തിരിഞ്ഞു നോക്കിയിട്ടില്ല.

ജലനിരപ്പിനേക്കാള്‍ താഴ്ന്നുകിടക്കുന്ന ആര്‍ ബ്ലോക്കില്‍ വെള്ളം അടിച്ചു വറ്റിക്കുന്നതിനുള്ള മോട്ടോറുകള്‍ കേടായതിനെത്തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്. ആറു വര്‍ഷത്തോളമായി ഇവിടെ ഏതാനും മാസങ്ങള്‍ മാത്രമേ വീടുകളില്‍ വെള്ളം കയറാതെ ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയാറുള്ളൂ. നിലവില്‍ ഇവിടെയുള്ള മുപ്പത്തിയൊന്ന് കുടുംബങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. വീടുകളില്‍ വെള്ളവും ചെളിയും മാലിന്യങ്ങളും കെട്ടിക്കിടക്കുന്നു. ഇവിടെയാണ് പാചകവും ഭക്ഷണവും ഉറക്കവും എല്ലാം.

ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വന്നതിനാല്‍ത്തന്നെ മുപ്പത്തിയൊന്നു കുടുംബങ്ങളില്‍ നിന്നായി മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചു കുട്ടികളടക്കം 16 പേര്‍ പലതരത്തിലുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ച് കോട്ടയത്തെയും ആലപ്പുഴയിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടും ജില്ലാഭരണാധികാരികളടക്കം ആരും ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

DONT MISS
Top