മദ്യപാനികള്‍ക്ക് ഒരു ശുഭ വാര്‍ത്ത; ആജീവനാന്തകാലം മദ്യം ലഭിക്കാന്‍ വെറും ഒരു ലക്ഷം രൂപ

ബൈജിയു

ബീജിങ് : ദിനംപ്രതി ആയിരക്കണക്കിന് രൂപ കൊടുത്ത് മദ്യം വാങ്ങിക്കുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ നല്ലൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു മദ്യക്കമ്പനി. വെറും 1,09,194 രൂപ കൊടുത്താല്‍ ആജീവനാന്തകാലം മദ്യം വീട്ടില്‍ എത്തിച്ചു കൊടുക്കുമെന്നാണ് കമ്പനിയുടെ ഓഫര്‍. സംഭവം ഇവിടൊന്നുമല്ല, അങ്ങ് ചൈനയിലാണ്. ചൈനയിലെ ജിയാങ് ഷിയാവോ ബൈ എന്ന മദ്യക്കമ്പനിയാണ് വളരെ വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൈനയില്‍ എല്ലാ വര്‍ഷവും നവംബര്‍ 11 ന് നടക്കുന്ന ഏറ്റവും വലിയ ഫെസ്റ്റിവലായ  ഡബില്‍ ഇലവനോട് അനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പിച്ച ഓഫര്‍ കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 99 പേര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.

ചോളം ഉപയോഗിച്ച് തയ്യാറാക്കുന്ന ബൈജിയു എന്ന മദ്യമാണ് ഉപഭോക്താക്കള്‍ക്ക് ആജീവനാന്തകാലം ലഭിക്കുക. 12 മദ്യക്കുപ്പികള്‍ അടങ്ങുന്ന 12 പെട്ടി മദ്യമാണ് ഓരോ മാസവും ലഭിക്കുക. പണം കൊടുത്ത് ബുക്ക് ചെയ്ത വ്യക്തി അഞ്ച് വര്‍ഷത്തിനിടയ്ക്ക് മരിച്ചു പോയാല്‍ തുടര്‍ന്ന് അവരുടെ കുടുംബത്തിന് കമ്പനി മദ്യം നല്‍കും.

ഓഫര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ നിരവധി ആളുകളാണ് ബുക്ക് ചെയ്യാനായി വന്നിട്ടുള്ളത്. എന്നാല്‍ കുറച്ചു പേര്‍ക്ക് മാത്രമേ ഇത് ലഭിക്കൂ എന്നുള്ളതു കൊണ്ട് ഏറെപ്പേര്‍ക്കും നിരാശരാകേണ്ടി വരും. കുറച്ചു പേര്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും നിയമങ്ങള്‍ എല്ലാം പാലിച്ച് തന്നെയാണ് കമ്പനി ഇത്തരത്തില്‍ ഒരു ഓഫറുമായി മുന്നോട്ട് വന്നതെന്ന് അഭിഭാകനായ ചാങ് ഷാ പറഞ്ഞു.

DONT MISS
Top