തൊടുപുഴയില്‍ വന്‍തോതില്‍ വില്‍പ്പനക്കെത്തിച്ച ലഹരിമരുന്ന് പൊലീസ് പിടികൂടി: സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

തൊടുപുഴ: നഗരത്തില്‍ വന്‍ തോതില്‍ വില്‍പ്പനക്കെത്തിച്ച ലഹരി മരുന്ന് പോലീസ് പിടികൂടി. സംഭവത്തില്‍ എഴു പേരെ പോലീസ് അറസ്റ്റു ചെയ്തു. മങ്ങാട്ടുകവലയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന മണിമലയില്‍ ജോബി.എന്‍.ജോയി, തോട്ടക്കാട്ട് സുനീഷ്(32), ഈരാറ്റുപേട്ട സ്വദേശികളായ വലിയവീട്ടില്‍ അല്‍ത്താഫ് (25), വരിക്കാനി റഹില്‍ (25), കൊല്ലംപറമ്പില്‍ അമീന്‍(22), സഹില്‍(28), മുജീബ്(27) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം അഞ്ചിനു ടൗണിലെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്ന് ലഹരി മരുന്നുമായി പിടികൂടിയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി മരുന്നു വാങ്ങുവാനായി സംഘമെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മരുന്ന് കച്ചവടം പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മരുന്നുമായി രണ്ട് കാറുകളില്‍ സംഘം നഗരത്തിലെത്തിയ വിവരമറിഞ്ഞ് പോലീസ് പല വാഹനങ്ങളിലായി ഇവരെ പിന്തുടര്‍ന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ച് സംഘം രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ ടൂറിസ്റ്റ് ഹോമിന് സമീപം വച്ച് കാറുകള്‍ പോലീസ് വാഹനങ്ങള്‍ ഉപയോഗിച്ച് വിലങ്ങി.

പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കാറില്‍ നിന്നും ഏതാനും പായ്ക്കറ്റ് മരുന്നുകളും ഇവയുമായി ബന്ധപ്പെട്ട മറ്റ് രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നും ടൂറിസ്റ്റ് ഹോമില്‍ മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. ഇതോടെ പ്രതികള്‍ താമസിച്ച മുറി പരിശോധിച്ച് കൂടുതല്‍ മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും കണ്ടെത്തി. മുറിയില്‍ ഉറങ്ങുകയായിരുന്ന തൊടുപുഴയിലെ പ്രാദേശിക നേതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ഉന്നത നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു.

ഇവരുടെ പക്കല്‍ നിന്നും എച്ച് വണ്‍ പട്ടികയില്‍പെട്ട കൊടൈന്‍ എന്ന ലഹരി മരുന്നിന്റെ ഏഴ് കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ നിരോധിച്ച മരുന്ന് പിന്നീട് ഡോക്ടറുടെ കുറുപ്പടിയോടെ മാത്രമെ വില്‍ക്കാവൂ എന്ന് നിബന്ധനയോടെയാണ് ഇപ്പോള്‍ ഇത് വില്‍ക്കാന്‍ പാടുള്ളുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇതൊന്നുമില്ലാതെ മരുന്ന് വ്യാപകമായി എത്തിച്ച് അനധികൃതമായി വില്‍പന നടത്തുകയാണ് സംഘം ചെയ്യുന്നത്.

തൊടുപുഴ സ്വദേശികളായ ജോബിയും സുനീഷുമാണ് തമിഴ്‌നാട്ടില്‍ നിന്നും മരുന്ന് എത്തിച്ച് മറ്റുള്ളവര്‍ക്ക് മറിച്ച് വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നും 20 രൂപക്കും മറ്റും ലഭിക്കുന്ന കുപ്പി 150 മുതല്‍ 200 വരെ വിലക്കാണ് മറ്റ് അനധികൃത കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നത്. ഇവരില്‍ നിന്നും മരുന്ന് വാങ്ങുന്നവര്‍ ഇത് 300 മുതല്‍ 500 രൂപക്കു വരെയാണ് വില്‍ക്കുന്നത്. മദ്യത്തിനു പകരം ലഹരിക്കായി ഉപയോഗിക്കുന്നതിനാണ് ഇത് വില്‍ക്കുന്നത്.

എന്നാലിവര്‍ക്ക് ഡ്രഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ നിലവിലില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. ഗര്‍ഭ നിരോധന മരുന്നുകളും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും കണ്ടെടുത്ത മരുന്ന് ഒരു കുപ്പിയുടെ അടപ്പില്‍ ഒഴിച്ച് സിഗരിറ്റിനോടൊപ്പം വലിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ലഹരി മണിക്കുറുകളോളം നേരം നിലനില്‍ക്കും . ഈരാറ്റുപേട്ടയില്‍ നിന്നും മരുന്ന് വാങ്ങാനെത്തിയ നാല് പേരുള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ലഹരി മരുന്ന് വില്‍പ്പന നടത്തി വന്നിരുന്നത്. പിടികൂടിയ പ്രതികള്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ എസ്.ഐ വിഷ്ണു കുമാര്‍ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

DONT MISS
Top